
ദില്ലി: കോടതിയലക്ഷ്യ കേസിൽ മാപ്പ് പറയില്ലെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. സുപ്രീംകോടതിയെ അദ്ദേഹം നിലപാട് അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെ വിമർശിച്ചുള്ള ട്വീറ്റ് ഉത്തരവാദിത്തബോധത്തോടെയുള്ളതാണെന്നും അതിൽ ഉറച്ചുനിൽക്കുന്നുവെന്നും പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു. കേസിൽ മാപ്പുപറഞ്ഞ് സത്യവാങ്മൂലം നൽകാൻ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ചീഫ് ജസ്റ്റിസിനെ സാമൂഹിക മാധ്യമത്തിലൂടെ വിമര്‍ശിച്ച അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ നിരുപാധികം മാപ്പുപറയണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചത് കോടതി അലക്ഷ്യമെങ്കിൽ ജയിലിൽ പോകാൻ തയ്യാറെന്നാണ് പ്രശാന്ത് ഭൂഷണിന്‍റെ നിലപാട്. മാപ്പുപറയുന്നില്ലെങ്കിൽ ശിക്ഷ വിധിക്കാനുള്ള തീരുമാനത്തിലേക്കാകും കോടതി പോവുക. ശിക്ഷയിന്മേലുള്ള വാദം പൂര്‍ത്തിയായ സാഹചര്യത്തിൽ പരമാവധി ശിക്ഷ നൽകണോ, ഇളവുനൽകണോ എന്നതൊക്കെ ഇനി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള കോടതിയുടെ മാത്രം തീരുമാനമാണ്.
പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കരുതെന്നാണ് അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാലിന്‍റെ ആവശ്യം. സുപ്രീംകോടതി അമിതാവേശം കാണിച്ചെന്ന വിമര്‍ശനം നിയമവിദഗ്ധനും മുൻ അറ്റോര്‍ണി ജനറലുമായ സോളിസൊറാബ്ജിയും ഉയര്‍ത്തി. സുപ്രീംകോടതി നടപടി താക്കീതിൽ ഒതുക്കണമെന്നമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ പ്രശാന്ത് ഭൂഷണിനെ പിന്തുണച്ച് കൂടുതൽ സാമൂഹ്യപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
മുൻ ചീഫ് ജസ്റ്റിസുമാരിൽ ചിലര്‍ അഴിമതിക്കാരാണെന്ന് തെഹൽക മാഗസിന് 2009ൽ നൽകിയ അഭിമുഖത്തിനും പ്രശാന്ത്ഭൂഷണിനെതിരെ സുപ്രീംകോടതി കോടതി അലക്ഷ്യ നടപടി തുടങ്ങിയിട്ടുണ്ട്. ആ കേസ് ഇന്ന് പരിഗണിക്കാനിരുന്നെങ്കിലും മാറ്റിവെച്ചു. സെപ്റ്റംബര്‍ 2ന് വിരമിക്കാനിരിക്കുന്ന ജസ്റ്റിസ് അരുണ്‍ മിശ്രക്ക് ഇനി ഏഴ് പ്രവര്‍ത്തി ദിനങ്ങൾ മാത്രമാണ് സുപ്രീംകോടതിയിലുള്ളത്. അതിനകം ഈ കേസിലെ വിധി വരാനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam