
ദില്ലി: കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്കിടെ തെലങ്കാനയില്‍ ടിആര്‍എസ്സുമായി ധാരണാപത്രം ഒപ്പുവച്ച് പ്രശാന്ത് കിഷോറിന്‍റെ ഐപാക്ക് (IPAC). വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ ടിആര്‍എസ്സ് ഐപാക്കിനെ ചുമതലപ്പെടുത്തി. ഐപാക്ക് സ്വതന്ത്ര സംവിധാനമാണെന്നും പ്രശാന്ത് കിഷോറുമായല്ല കരാറെന്നും ടിആര്‍എസ് വിശദീകരിച്ചു. കോണ്‍ഗ്രസ് മുക്ത മൂന്നാം മുന്നണിക്ക് ചന്ദ്രശേഖര്‍ റാവു (K Chandrasekhar Rao)ശ്രമം തുടരുന്നതിനിടെയാണ് പുതിയ നീക്കം.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനില്‍ പ്രശാന്ത് കിഷോറുമായി മൂന്ന് ദിവസം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണ. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും ടിആര്‍എസ്സിനായി ഐപാക്ക് തന്ത്രങ്ങള്‍ ആവിഷകരിക്കും. ഒരു വര്‍ഷം മുന്നേ തുടക്കമിടുന്ന പ്രചാരണങ്ങള്‍ ഐപാക്ക് ഏകോപിപ്പിക്കും. നൂതന പ്രചാരണ പദ്ധതികള്‍ നടപ്പാക്കും. സര്‍ക്കാരിന്‍റെ വികസന പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ പുതിയ കര്‍മ്മ പദ്ധതിയടക്കം നടപ്പാക്കാനാണ് ധാരണ.
തെലങ്കാനയിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഇനി ഐപാക്കിന്‍റെ മാര്‍ഗനിര്‍ദേശമുണ്ടാകുമെന്ന് ടിആര്‍എസ് വ്യക്തമാക്കി. പ്രശാന്ത് കിഷോറുമായല്ല സ്വതന്ത്ര സംവിധാനമായ ഐപാക്കുമായാണ് കരാറെന്നും ടിആര്‍എസ് വിശദീകരിക്കുന്നു. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചാലും പ്രൊഫഷണലുകള്‍ ഉള്‍പ്പെട്ട ഐപാക്കിന്‍റെ പ്രവര്‍ത്തനവുമായി ബന്ധമില്ലെന്നാണ് ടിആര്‍എസ്സിന്‍റെ വാദം.
പ്രശാന്ത് കിഷോറിന്‍റെ നീക്കത്തിൽ തെലങ്കാന കോണ്‍ഗ്രസ് നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ഹൈക്കമാന്‍ഡിനോട് സംസ്ഥാന നേതൃത്വം പരാതി അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലും ഐപാക്ക് സഹകരണം തുടരുമെന്നാണ് ടിആര്‍എസ് നിലപാട്. കോണ്‍ഗ്രസ് വിരുദ്ധ ഫെഡറല്‍ മുന്നണിക്ക് മുന്നിട്ടിറങ്ങിയ നേതാവാണ് ചന്ദ്രശേഖര്‍ റാവു. സ്റ്റാലിന്‍, മമത, ഉദ്ദവ് താക്കറെ അടക്കമുള്ളവരുമായി നേരത്തെ കെസിആര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കെസിആറിന് കൈകൊടുത്ത തെലങ്കാന നീക്കത്തിന്‍റെ പേരില്‍ പ്രശാന്ത് കിഷോറിനെ മാറ്റിനിര്‍ത്തണമെന്ന ആവശ്യമാണ് സംസ്ഥാന നേതൃത്വം ഉന്നയിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam