
ദില്ലി: മുന്‍ കേന്ദ്രമന്ത്രി എം ജെ അക്ബറിനെ വേട്ടക്കാരനെന്ന് വിളിച്ച് മാധ്യമപ്രവര്‍ത്തക പ്രിയാരമണി. മീ റ്റൂ ആരോപണത്തിനെതിരെ എം ജെ അക്ബർ നൽകിയ മാനനഷ്ടക്കേസിൽ വിചാരണ നേരിടുന്നതിനിടെയാണ് പ്രിയാരമണി കോടതിയില്‍ താന്‍ നേരിട്ട അനുഭവങ്ങള്‍ തുറന്നുപറഞ്ഞതും അക്ബറിനെ വേട്ടക്കാരനെന്നും തന്നെ ഇരയെന്നും വിശേഷിപ്പിച്ചതും.
ശനിയാഴ്ച ദില്ലി ഹൈക്കോടതിയില്‍ വിചാരണക്കെത്തിയപ്പോഴായിരുന്നു പ്രിയാ രമണിയുടെ വെളിപ്പെടുത്തലുകള്‍. ''വേട്ടക്കാരന്‍ അതിന്‍റെ ഇരയേക്കാള്‍ ശക്തനായിരിക്കും'' - പ്രിയാരമണി പറഞ്ഞു. 1990 കള്‍ മുതല്‍ മാധ്യമരംഗത്തുള്ള പ്രിയാരമണി 1993ല്‍ തനിക്ക് അക്ബറില്‍ നിന്ന് മോശം അനുഭവം നേരിട്ടെന്നാണ് 2018 ല്‍ വ്യക്തമാക്കിയത്.
പ്രിയാരമണി കോടതിയില്‍ എംജെ അക്ബറിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍
ഏഷ്യന്‍ ഏജില്‍ ജോലി തേടിയാണ് ആദ്യം അക്ബറിനെ കണ്ടുമുട്ടുന്നത്. അന്ന് അക്ബര്‍ ഏഷ്യന്‍ ഏജില്‍ എഡിറ്റര്‍ ആയിരുന്നു. 23 വയസായിരുന്നു അന്ന് പ്രിയാരമണിയുടെ പ്രായം. ഇന്‍റര്‍വ്യൂവിനായി ഒബറോയ് ഹോട്ടലില്‍ എത്താനാണ് ആവശ്യപ്പെട്ടത്. ഏതെങ്കിലും ഓഫീസ് മുറിയിലോ കോഫീ ഷോപ്പിലോ വച്ചായിരിക്കും ഇന്‍റര്‍വ്യൂ എന്നാണ് അവര്‍ കരുതിയിരുന്നത്. എന്നാല്‍ അക്ബറിന്‍റെ ആവശ്യം നിഷേധിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല.
ഹോട്ടല്‍ മുറിയിലെത്തുമ്പോള്‍ കിടക്ക ഉറങ്ങാനായി തയ്യാറാക്കി വച്ചിരുന്നു. ഇന്‍റര്‍വ്യൂവില്‍ തന്‍റെ വിദ്യാഭ്യാസത്തെ കുറിച്ചോ ബിരുദത്തെ കുറിച്ചോ മുന്‍പരിചയത്തെ കുറിച്ചോ ഒന്നും ചോദിച്ചില്ല. എന്നാല്‍ ചോദിച്ചതാകട്ടേ, കുടുംബം, വിവാഹിതയാണോ, കാമുകനുണ്ടോ തുടങ്ങിയ കാര്യങ്ങളായിരുന്നു.
പെട്ടന്ന് അക്ബര്‍ ഹിന്ദി പാട്ടുകള്‍ പാടാന്‍ തുടങ്ങി. തന്‍റെ മുന്നില്‍ വച്ച് അയാള്‍ മദ്യപിച്ചു. തനിക്ക് മദ്യം വാഗ്ദാനം ചെയ്തു. എന്നാല്‍ അവര്‍ ആ വാഗ്ദാനം നിരസ്സിച്ചു. കിടക്കയ്ക്ക് തൊട്ടടുത്തുള്ള ചെറിയ സോഫയില്‍ തന്‍റെ തൊട്ടടുത്തായി വന്നിരിക്കാന്‍ അക്ബര്‍ നിര്‍ബന്ധിച്ചുവെന്നും പ്രിയാരമണി പറഞ്ഞു. തന്‍റെ ശാരീരിക സുരക്ഷ മുന്‍നിര്‍ത്തി എഴുന്നേറ്റ് തനിക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. വീട്ടിലെത്തിയ താന്‍ വളരെ അടുത്ത സുഹൃത്തായ നിലോഫര്‍ വെങ്കട്ടരാമനെ വിളിച്ച് ഇക്കാര്യം പറഞ്ഞു.
2017 ല്‍ വോഗിന് വേണ്ടിയെഴുതിയ ലേഖനത്തില്‍ അക്ബറിന്‍റെ പേര് പരാമര്‍ശിക്കാതെ പ്രിയാരമണി താന്‍ നേരിട്ട ലൈംഗികാതിക്രമം പറഞ്ഞിരുന്നു. എന്നാല്‍ 2018 ല്‍ ഉയര്‍ന്ന മീ റ്റൂ ക്യാമ്പയില്‍ ആണ് അവര്‍ അക്ബറിന്‍റെ പേര് പരാമര്‍ശിച്ചത്. നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹം നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകന്‍കൂടിയായിരുന്നു. എന്നാല്‍ പിന്നീട് അക്ബര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിസിനസ് ന്യൂസ് പേപ്പര്‍ മിന്‍റിന്‍റെ സ്ഥാപകയാണ് പ്രിയാരമണി.
എം ജെ അക്ബറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച് പ്രിയ രമാണിയും മറ്റ് ചില സ്ത്രീകളും രംഗത്ത് വന്നതോടെ കഴിഞ്ഞ ഒക്ടോബറിലാണ് എം ജെ അക്ബർ മന്ത്രിസ്ഥാനം രാജി വച്ചത്. ഇതോടെ അക്ബര്‍ പ്രിയാരമണിക്കെതിരെ മാനനഷ്ടക്കേസ് നല്‍കി. പ്രിയ രമണിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തനിക്ക് മാനനഷ്ടം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് എം ജെ അക്ബർ കോടതിയിലെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam