'ഇതെന്‍റെ കര്‍ത്തവ്യം'; നിറവയറുമായി നിയമസഭയിലെത്തി എംഎല്‍എ

By Web TeamFirst Published Feb 29, 2020, 12:37 PM IST
Highlights
  • പൂര്‍ണ ഗര്‍ഭിണിയായിരിക്കെ നിയമസഭാ സമ്മേളനത്തിനെത്തി ശ്രദ്ധ നേടി മഹാരാഷ്ട്രയിലെ എംഎല്‍എ.
  • ഗര്‍ഭധാരണം ഒരു അസുഖമല്ലെന്നും ഒരു സ്ത്രീ കടന്നുപോകേണ്ട ഘട്ടമാണെന്നും എംഎല്‍എ.

മുംബൈ: എട്ടു മാസം ഗര്‍ഭിണിയായിരിക്കെ നിയമസഭാ സമ്മേളനത്തിനെത്തി മഹാരാഷ്ട്രയിലെ ബീഡ് എംഎല്‍എ നമിത മുന്ദട. ഗര്‍ഭിണിയായിരിക്കെ നിയമസഭാ സമ്മേളനത്തിനെത്തുന്ന ആദ്യ എംഎല്‍എയാണ് താനെന്ന് 30കാരിയായ നമിത പറയുന്നു.

ബജറ്റ് സമ്മേളനം നടക്കുമ്പോള്‍ നിയമസഭയില്‍ ഉണ്ടായിരിക്കുക എന്നത് തന്‍റെ കര്‍ത്തവ്യമാണെന്നും  മണ്ഡലത്തിലെ നിരവധി പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിക്കേണ്ടതുണ്ടായിരുന്നെന്നും നമിത മുന്ദട പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഗര്‍ഭധാരണം ഒരു അസുഖമല്ലെന്നും ഒരു സ്ത്രീ കടന്നുപോകേണ്ട ഘട്ടമാണെന്നുമാണ് പെണ്‍ഭ്രൂണഹത്യകള്‍ക്ക് കുപ്രസിദ്ധി നേടിയ ബീഡിനെ  പ്രതിനിധീകരിക്കുന്ന ശക്തയായ വനിതാ എംഎല്‍എയുടെ അഭിപ്രായം. 

ഗര്‍ഭാവസ്ഥയില്‍ തനിക്കും നിരവധി പ്രശ്നങ്ങളുണ്ടെന്നും എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിക്കുകയും ജോലിയെ ഇതിനോടൊപ്പം കൊണ്ടുപോകുകയുമാണെന്ന് നമിത കൂട്ടിച്ചേര്‍ത്തു. 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ത്ഥിയായിരുന്ന നമിത തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴാണ് ബിജെപിയില്‍ ചേര്‍ന്നത്. 

click me!