
ഭോപ്പാൽ: ആക്രമണത്തിനിടെ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചയാളുടെ ഗർഭിണിയായ ഭാര്യയെ കൊണ്ട് നിര്‍ബന്ധിച്ച് ഭർത്താവിന്റെ രക്തം പുരണ്ട കിടക്ക വൃത്തിയാക്കിച്ചതായുള്ള പരാതിയിൽ വിശദീകരണവുമായി ആശുപത്രി. രക്തത്തിൽ കുതിര്‍ന്ന തുണിക്കഷ്ണങ്ങൾ അവര്‍ ശേഖരിക്കുകയാണ് ചെയ്തതെന്നും അവരോട് ബെഡ് വൃത്തിയാക്കാൻ പറഞ്ഞിട്ടില്ലെന്നുമാണ് ആരോഗ്യ കേന്ദ്രത്തിലെ ഡോ. ചന്ദ്രശേഖർ തേകം മാധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ആശുപത്രി ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു
മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിൽ കുടുംബത്തിന് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിലായിരുന്നു ഇയാൾക്ക് വെട്ടേറ്റത്. ലാൽപൂർ സാനി ഗ്രാമത്തിൽ ദീർഘനാളത്തെ ഭൂമി തർക്കത്തെത്തുടർന്ന് വ്യാഴാഴ്‌ച വൈകുന്നേരമാണ് മൂന്ന് കുടുംബാംഗങ്ങളെ 25 പേരടങ്ങുന്ന സംഘം വെട്ടിക്കൊന്നത്.
65കാരനായ ധരം സിംഗ് മറാവി, മക്കളായ രഘുരാജ് മറാവി (40), ശിവരാജ് മറാവി (40) എന്നിവരെയാണ് സംഘം കൊലപ്പെടുത്തിയത്. ഗർദസാരി ഹെൽത്ത് സെന്ററിൽ ചികിത്സ തേടിയതിന് പിന്നാലെ ശിവരാജ് മരിച്ചു. അഞ്ച് മാസം ഗർഭിണിയായ ശിവരാജിന്റെ ഭാര്യ റോഷ്‌നിയെ ഭർത്താവിന്റെ മരണശേഷം രക്തം പുരണ്ട കിടക്ക വൃത്തിയാക്കുന്ന വീഡിയോ പുറത്തുവരികയായിരുന്നു.
ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട കുടുംബത്തിലെ ഏക പുരുഷാംഗമായ രാംരാജും സംഘവും ചേര്‍ന്നാണ് തങ്ങളുടെ കൃഷി സ്ഥലത്തേക്ക് പോയത്. കോടതി വിധി വഴി ലഭിച്ച ഭൂമിയിൽ 25 അംഗം സംഘം വിളവെടുപ്പ് നടത്തുന്നത് തടയാനായിരുന്നു ഇവര്‍ പോയത്. എന്നാൽ ആയുധങ്ങളുമായി കാത്തിരുന്ന ബന്ധുക്കളായ പ്രതികൾ ഇവരെ ആക്രമിക്കുകയായിരുന്നു. പ്രതികളിൽ ഘനശ്യാം മറാവി, കൻവാൾ സിംഗ് മറാവി, പതിറാം മറാവി, കാർത്തിക് മറാവി എന്നവര്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam