ലോക്ക് ഡൗൺ: ആഹാരമില്ലാതെ ​ഗർഭിണിയും ഭർത്താവും നടന്നത് 100 കിലോമീറ്റർ

By Web TeamFirst Published Mar 30, 2020, 4:41 PM IST
Highlights

ഫാക്ടറി ഉടമ അനുവദിച്ച റൂമിലാണ് തങ്ങൾ കഴിഞ്ഞിരുന്നതെന്നും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ  ഇവിടെ നിന്ന് ഒഴിഞ്ഞുപോകാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നെന്നുമാണ് യാസ്മീൻ പറയുന്നത്.

മീററ്റ്: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ എട്ട് മാസം ഗർഭിണിയായ സ്ത്രീയും ഭർത്താവും നടന്നത് 100 കിലോമീറ്റർ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. വകിൽ, യാസ്മീൻ എന്നീ ദമ്പതികളാണ് ​ആഹാരമില്ലാതെ ഇത്രയും ദൂരം യാത്ര ചെയ്തത്. സഹറാൻപുരിൽ നിന്ന് ബുലന്ദ്ഷറിലേക്ക് പോവുകയായിരുന്നു ഇരുവരും.

കയ്യിൽ പണമില്ലാത്തതിനെത്തുടർന്ന് ഭക്ഷണം പോലും കഴിക്കാതെയായിരുന്നു വകിലും യാസ്മീനും നടന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സൊഹ്രാഭ് ഗേറ്റ് ബസ്റ്റാൻഡിലെത്തിയ വകിലിനെയും യാസ്മീനെയും കണ്ട പ്രദേശവാസികളായ നവീൻ കുമാറും രവീന്ദ്രയും നൌചാന്ദി പൊലീസിൽ വിവരം അറിയിച്ചു.

പിന്നീട് നാട്ടുകാർ ഇവർക്ക് ഭക്ഷണവും കുറച്ച് പണവും നൽകി. ആംബുലൻസിൽ ഇവരുടെ ഗ്രാമത്തിലെത്താനുള്ള ക്രമീകരണവും നാട്ടുകാർ ഒരുക്കിയെന്നും സ്റ്റേഷൻ ചുമതലയുള്ള അഷുതോഷ് കുമാർ പറഞ്ഞു.  ഫാക്ടറി തൊഴിലാളിയായ വകിൽ ഭാര്യയെയും കൂട്ടി 100 കിലോമീറ്ററാണ് നടന്നതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

ഫാക്ടറി ഉടമ അനുവദിച്ച റൂമിലാണ് തങ്ങൾ കഴിഞ്ഞിരുന്നതെന്നും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ  ഇവിടെ നിന്ന് ഒഴിഞ്ഞുപോകാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നെന്നുമാണ് യാസ്മീൻ പറയുന്നത്. നാട്ടിലേക്ക് പോകാനുള്ള പണം അദ്ദേഹം തന്നില്ലെന്നും അവർ പറയുന്നു. ‌

click me!