
പൂനെ: കൊവിഡ് 19 സ്ഥിരീകരിച്ച ഡോക്ടര്‍ പരിശോധിച്ച 69 ഗര്‍ഭിണികളെ ക്വാറന്റൈനിലാക്കി. പൂനെയിലാണ് സംഭവം. കൊവിഡ് സ്ഥിരീകരിച്ച റേഡിയോളജിസ്റ്റ് ആയ ഡോക്ടര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു. കടുത്ത ക്ഷീണം അനുഭവപ്പെട്ടതോടെയാണ് ഏപ്രില്‍ എട്ടിന് ഡോക്ടര്‍ പൂനെയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ പരിശോധനയ്ക്ക് എത്തിയത്.
മുന്‍കരുതല്‍ എന്ന നിലയില്‍ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം പൊസിറ്റീവായതോടെ ഡോക്ടറെ തിങ്കളാഴ്ചയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് ശേഷം ഈ ഡോക്ടര്‍ പരിശോധിച്ചവരെ കണ്ടെത്തിയെന്നും 69 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളതെന്നും അധികൃതര്‍ പറഞ്ഞു.
69 പേരും ഗര്‍ഭിണികള്‍ ആയതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വീട്ടില്‍ പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നതെന്നും പൂനെ ജില്ലാ പഞ്ചായത്ത് സിഇഒ ആയുഷ് പ്രസാദ് പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച മുപ്പതുകാരനായ ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തിന്റെ സഹോദരനെയും ഭാര്യയും നിരീക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാജ്യത്ത് കൊവിഡ് 19 സമൂഹവ്യാപനം ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വീണ്ടും ആവര്‍ത്തിച്ചു. രാജ്യത്തെ 170 ജില്ലകള്‍ തീവ്രബാധിത മേഖലകളാണ്. 207 ജില്ലകളെ രോഗം പടരാന്‍ സാധ്യതയുള്ള സ്ഥലങ്ങളായി ഇപ്പോള്‍ തരംതിരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയ വക്താക്കള്‍ അറിയിച്ചു.
രാജ്യത്ത് കൊവിഡ് രോഗമുക്തരാകുന്നവരുടെ തോത് 11.41 ശതമാനമായിട്ടുണ്ട്. തീവ്രബാധിത മേഖലകള്‍ക്കായി ആരോഗ്യമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഹെല്‍ത്ത് സെക്രട്ടറിമാരുമായി ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. ക്യാബിനെറ്റ് സെക്രട്ടറിയാണ് ചര്‍ച്ച നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam