
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകളുടെ ഉന്നമനത്തിനാണ് മുൻഗണന നൽകുന്നതെന്ന് പ്രകടന പത്രികയുടെ ആദ്യഭാഗം പുറത്തിറക്കി കേന്ദ്രമന്ത്രി ജെ പി നദ്ദ പറഞ്ഞു. ഗർഭിണികൾക്ക് ഒറ്റത്തവണ 21,000 രൂപയും ആറ് പോഷകാഹാര കിറ്റുകളും ആദ്യ കുട്ടിക്ക് 5,000 രൂപയും രണ്ടാമത്തെ കുട്ടിക്ക് 6,000 രൂപയും നൽകുമെന്ന് ബിജെപിയുടെ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുന്ന മഹിളാ സ്മൃതി യോജനയും ബിജെപി പ്രഖ്യാപിച്ചു.
2021ൽ സ്ത്രീകൾക്ക് 1,000 രൂപ നൽകുമെന്ന് എഎപി വാഗ്ദാനം ചെയ്തെങ്കിലും പഞ്ചാബിലോ ദില്ലിയിലോ പാലിച്ചിട്ടില്ലെന്ന് നദ്ദ ആരോപിച്ചു. എൽപിജി സിലിണ്ടറുകൾക്ക് സർക്കാർ 500 രൂപ സബ്‌സിഡി നൽകുമെന്നും ദീപാവലിക്കും ഹോളിക്കും ദില്ലിയിലെ ജനങ്ങൾക്ക് രണ്ട് സൗജന്യ സിലിണ്ടറുകൾ നൽകുമെന്നുംബിജെപി വാഗ്ദാനം ചെയ്യുന്നു.
ദില്ലിയിൽ ബിജെപി അധികാരത്തിലെത്തിയാൽ കേന്ദ്രത്തിന്‍റെ ആദ്യ കാബിനറ്റ് യോഗത്തിൽ തന്നെ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി നടപ്പാക്കുമെന്ന് നദ്ദ ഉറപ്പുനൽകി. എഎപി സർക്കാർ ഈ കേന്ദ്ര പദ്ധതിയെ എതിർത്തിരുന്നു. മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപയുടെ അധിക ആരോഗ്യ പരിരക്ഷ ലഭിക്കും. ഇതോടെ പ്രായമായവർക്ക് നൽകുന്ന മൊത്തം ആരോഗ്യ പരിരക്ഷ 10 ലക്ഷമായി ഉയർത്തുമെന്ന് പ്രകടന പത്രികയിൽ പറയുന്നു.
60-70 പ്രായപരിധിയിലുള്ളവർക്ക് 2,000-2,500 രൂപയും 70 വയസ്സിന് മുകളിലുള്ളവർക്ക് 3,000 രൂപയും ലഭിക്കുന്ന പെൻഷൻ പദ്ധതിയും ബിജെപി പ്രഖ്യാപിച്ചു. ഭിന്നശേഷിക്കാർക്കും വിധവകൾക്കുമുള്ള സഹായം 3,000 രൂപയായി ഉയർത്തുമെന്നും പ്രകടന പത്രികയിൽ പറയുന്നു. എല്ലാ ചേരികളിലും അടൽ കാന്‍റീനുകൾ സ്ഥാപിക്കുമെന്നും അവിടെ 5 രൂപയ്ക്ക് ഭക്ഷണം നൽകുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു.
എഎപിയുടെ മൊഹല്ല ക്ലിനിക്കുകളിൽ 300 കോടി രൂപയുടെ അഴിമതി നടന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ നദ്ദ ആരോപിച്ചു. ദില്ലിയിൽ ബിജെപി അധികാരത്തിലെത്തിയാൽ എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്നും അഴിമതിക്കാരെ ജയിലിലടക്കുമെന്നും നദ്ദ പറഞ്ഞു.
'വിദ്യാസമ്പന്നരായ തൊഴിൽ രഹിതർക്ക് മാസം 8500 രൂപ'; ദില്ലിയിൽ വമ്പൻ വാഗ്ദാനവുമായി കോൺഗ്രസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam