രാഷ്ട്രപതി തെരഞ്ഞെടുപ്പ്, പ്രതിപക്ഷ നിരയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു

Published : Jul 09, 2022, 01:01 PM IST
രാഷ്ട്രപതി തെരഞ്ഞെടുപ്പ്, പ്രതിപക്ഷ നിരയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു

Synopsis

ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് യുപിയിലെ മൂന്ന് പ്രതിപക്ഷ പാർട്ടികൾ, നിലപാട് വ്യക്തമാക്കാതെ അരവിന്ദ് കെജ്‍രിവാൾ

ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ കൊഴിഞ്ഞുപോക്ക് തുടരുന്നു. യുപിയിൽ പ്രതിപക്ഷത്തുള്ള മുന്ന് ചെറിയ പാർട്ടികൾ ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ യോഗം നാളെ ദില്ലിയിൽ ചേരും.

യശ്വന്ത് സിൻഹയെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രതിപക്ഷം തീരുമാനിച്ചപ്പോൾ 21 പാർട്ടികളുടെ പിന്തുണയുണ്ടായിരുന്നു. അരവിന്ദ് കെജ്‍രിവാളിന്റെ പിന്തുണ ഉണ്ടെന്നും ശരദ് പവാർ അറിയിച്ചിരുന്നു. എന്നാൽ ഝാർഖണ്ട് മുക്തി മോർച്ച പിന്നീട് കൊഴിഞ്ഞുപോയി. മമത ബാനർജിയും തണുപ്പൻ നിലപാടിലാണ്. അരവിന്ദ് കെജ്‍രിവാൾ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. യുപിയിൽ ഇന്നലെ മൂന്ന് ചെറിയ പാർട്ടികൾ ദ്രൗപദി മുർമുവിന് വോട്ടു ചെയ്യുമെന്ന് അറിയിച്ചു. അഖിലേഷ് യാദവുമായി തെറ്റിയ മുലായം സിംഗ് യാദവിന്റെ സഹോദരൻ ശിവ്പാൽ യാദവ് യോഗി ആദിത്യനാഥ് വിളിച്ച യോഗത്തിൽ പങ്കെടുത്തു. എസ്‍പിയുടെ സഖ്യകക്ഷിയായിരുന്ന ഓംപ്രകാശ് രാജ്ഭറിന്റെ എസ്ബിഎസ്‍പിയും കൂറുമാറി. രാജാ ഭയ്യയുടെ ജൻസത്ത ദളിന്റെ രണ്ട് എംഎൽഎമാരും എൻഡിഎ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യും എന്നറിയിച്ചു. ടിആർഎസ്, യശ്വന്ത് സിൻഹയ്ക്കൊപ്പം ഉറച്ചു നിൽക്കുന്നത് മാത്രമാണ് ഇപ്പോൾ പ്രതിപക്ഷത്തിന് ആശ്വാസം. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയുടെ കാര്യത്തിലും തീരുമാനം നീളുകയാണ്. 

അതേസമയം ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് എൻഡിഎ ക്യാമ്പ്. നാളെ എൻഡിഎ എംപിമാരുടെ യോഗം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരും. എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ രണ്ട് ദിവസത്തിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ബിജെപിക്ക് ഒറ്റയ്ക്ക് ജയിക്കാമെങ്കിലും എൻഡിഎ നേതാക്കളുമായി ഇക്കാര്യത്തിൽ ആലോചന തുടങ്ങിയതായാണ് സൂചന.
 

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി