രാഷ്ട്രപതി ശബരിമലയിലേക്കില്ല; യാത്രാപരിപാടിയിൽ നിന്ന് ഒഴിവാക്കി

By Web TeamFirst Published Jan 1, 2020, 10:14 PM IST
Highlights

രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കുന്നതിൽ ദേവസ്വവും പൊലീസും ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം. സന്ദർശനത്തിന് ചുരുങ്ങിയ ദിവസത്തിനുള്ളിൽ സുരക്ഷ ഒരുക്കാൻ പ്രയോഗികബുദ്ധിമുട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിലേക്കില്ല. രാഷ്ട്രപതിഭവൻ പൊതുഭരണവകുപ്പിന് കൈമാറിയ രാഷ്ട്രപതിയുടെ യാത്രാ പരിപാടിയിൽ ശബരിമല സന്ദർശനം ഇല്ല. തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് പോകും. ലക്ഷദ്വീപിലെ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ഒമ്പതാം തീയതി രാഷ്ട്രപതി കൊച്ചി വഴി ദില്ലിയിലേക്ക് തിരിച്ച് പോകും. 

രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കുന്നതിൽ ദേവസ്വവും പൊലീസും ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം. സന്ദർശനത്തിന് ചുരുങ്ങിയ ദിവസത്തിനുള്ളിൽ സുരക്ഷ ഒരുക്കാൻ പ്രയോഗികബുദ്ധിമുട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. ഉന്നതതലയോഗത്തിലാണ് പൊലീസ് ഈ ആശങ്ക അറിയിച്ചത്.

രാഷ്ട്രപതിക്ക് തിങ്കളാഴ്ച  ശബരിമല സന്ദർശിക്കാൻ കഴിയുമോയെന്നാണ് രാഷ്ട്രപതിഭവൻ സർക്കാരിനോട് ചോദിച്ചത്.  എന്നാൽ നാല് ദിവസം കൊണ്ട് രാഷ്ട്രപതിക്ക് സുരക്ഷ ഒരുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നാണ് പൊലീസ് നിലപാടെടുത്തത്. തിരക്കുള്ള സമയമായതിനാൽ ഭക്തരെ നിയന്ത്രിക്കുന്നതിന് പ്രായോഗിക പ്രശ്നങ്ങളുണ്ട്. മറ്റ് ക്രമീകരണങ്ങൾക്കും സമയക്കുറവുണ്ടെന്നും പൊലീസ് അറിയിച്ചു. 

ഇതുവരെ സന്നിധാനത്ത് ഹെലികോപ്റ്റർ ഇറക്കിയിട്ടില്ലെന്നതും. പാണ്ടിത്താവളത്ത് 13 ടൺ ഭാരമുള്ള മിഗ് ഹെലികോപ്റ്റർ ഇറക്കുന്നത്തിൽ അസൗകര്യമുണ്ടെന്നും പ്രാഥമിക പരിശോധനയിൽ കണ്ടത്തിയിരുന്നു.

രാഷ്ട്രപതി എത്തുമെന്ന കാര്യത്തിൽ തീർച്ചയില്ലായിരുന്നെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു കണ്ണൂരിൽ വച്ച് പ്രതികരിച്ചു. ഹെലികോപ്ടർ സൗകര്യമുണ്ടാകുമോ എന്നാണ് സർക്കാർ ചോദിച്ചതെന്നും രാഷ്ട്രപതി ഭവനിൽ നിന്നും സന്ദർശനവുമായി ബന്ധപ്പെട്ട അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും എൻ വാസു വ്യക്തമാക്കി. 

പാണ്ടിത്താവളത്ത് അടിയന്തര ആവശ്യങ്ങൾക്കായി  ഹെലികോപ്റ്റർ ഇറക്കാൻ സൗകര്യമുള്ള കെട്ടിടമുണ്ടെന്ന് അറിയിച്ചിരുന്നുവെന്നും സന്ദർശനം ഒഴിവാക്കാൻ തീരുമാനിച്ചതിന്റെ കാരണം അറിയില്ലെന്നും എൻ വാസു പറയുന്നു. 

click me!