'രാഷ്ട്രപതി ദ്രൗപതി മുർമു നിൽക്കുന്നു, നിങ്ങളും അദ്വാനിയും ഇരിക്കുന്നു, ഇതാണോ നിങ്ങളുടെ ബഹുമാനം'; മോദിക്ക് മറുപടിയുമായി മമത

Published : Mar 09, 2026, 11:05 AM IST
mamata banerjee

Synopsis

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ബംഗാളിൽ അപമാനിച്ചെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിന്, രാഷ്ട്രപതി നിൽക്കുകയും പ്രധാനമന്ത്രിയും അദ്വാനിയും ഇരിക്കുകയും ചെയ്യുന്ന പഴയ ചിത്രം പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ് മറുപടി നൽകി. രാഷ്ട്രപതിയുടെ സന്ദർശനത്തിൽ പ്രോട്ടോക്കോൾ വീഴ്ചയുണ്ടായിട്ടില്ലെന്നും ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും മമത ബാനർജി ആരോപിച്ചു.

കൊൽക്കത്ത: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാ​ദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി തൃണമൂൽ കോൺ​ഗ്രസ്. പഴയ ഫോട്ടോ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്കെതിരെ രം​ഗത്തെത്തിയത്. രാഷ്ട്രപതി നിൽക്കുകയും പ്രധാനമന്ത്രി ഇരിക്കുകയും ചെയ്യുന്ന ഫോട്ടോയാണ് തൃണമൂൽ പുറത്തുവിട്ടത്. രാഷ്ട്രപതിയുടെ ഓഫീസിനെ ബഹുമാനിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നു. നമുക്ക് ഈ ഫോട്ടോ നോക്കാം. പ്രധാനമന്ത്രി തന്റെ കസേരയിൽ സുഖമായി ഇരിക്കുമ്പോൾ രാജ്യത്തെ ആദ്യത്തെ ഗോത്രവർഗ വനിതാ രാഷ്ട്രപതി നിൽക്കുകയാണ്. രാഷ്ട്രപതിയോടും അവരുടെ ഓഫീസിനോടുള്ള അനാദരവ് ദൃശ്യങ്ങളിൽ വ്യക്തം. രാഷ്ട്രപതിയെ ബഹുമാനിക്കണമെന്ന ഇത്തരക്കാരുടെ എല്ലാ വാദങ്ങളും പൊള്ളയായി തോന്നുന്നുവെന്നും അവർ വ്യക്തമാക്കി. പരിപാടിയിൽ ഈ ചിത്രം അച്ചടിച്ച ഫ്ലക്സ് തൃണമൂൽ പ്രവർത്തകർ ഉയർത്തിക്കാട്ടി. പ്രധാനമന്ത്രി മോദി, ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനി എന്നിവർ ഇരിക്കുകയും പ്രസിഡന്റ് അവരുടെ സമീപം നിൽക്കുകയും ചെയ്യുന്ന ഫോട്ടോയാണ് പുറത്തുവിട്ടത്.

എല്ലാ തിരഞ്ഞെടുപ്പിനും മുമ്പ് പ്രധാനമന്ത്രി ബംഗാളിനെ ആക്രമിക്കുകയാണെന്നും മമത ആരോപിച്ചു. സംസ്ഥാന സർക്കാർ രാഷ്ട്രപതി പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചിട്ടില്ല. ഒരു സ്വകാര്യ സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്, എന്നാൽ രാഷ്ട്രപതിക്കായി ഒരു പരിപാടി സംഘടിപ്പിക്കാൻ ആ സംഘടനയ്ക്ക് കഴിയില്ലെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു. അവർ ഞങ്ങളെ ഉൾപ്പെടുത്തിയില്ല. ക്ഷണം സ്വീകരിച്ചത് ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ ഇഷ്ടമാണ്. അത് അവരുടെ പ്രത്യേകാവകാശമാണെന്നും മമത പറഞ്ഞു.

ഡാർജിലിംഗിൽ നടക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര സാന്താൾ സമ്മേളനത്തിനായി പ്രസിഡന്റ് മുർമു ശനിയാഴ്ച ബംഗാൾ സന്ദർശിച്ചപ്പോഴാണ് വിവാദമുണ്ടായത്. രാഷ്ട്രപതിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ എത്തിയില്ല. അവർക്ക് അനുവദിച്ച ശുചിമുറിയിൽ വെള്ളമുണ്ടായിരുന്നില്ലെന്നും പാതയിൽ മാലിന്യമായിരുന്നുന്നെന്നും ആരോപണം ഉയർന്നു. പിന്നാലെ, കേന്ദ്രം സംസ്ഥാനത്തിന് വിശദീകരണം തേടി കത്തയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബം​ഗാൾ സർക്കാറിനെതിരെ രം​ഗത്തെത്തി. സംഭവവികാസങ്ങളെ ലജ്ജാകരവും നടക്കാൻ പാടില്ലാത്തതുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ജനാധിപത്യത്തിലും ആദിവാസി സമൂഹങ്ങളുടെ ശാക്തീകരണത്തിലും വിശ്വസിക്കുന്ന എല്ലാവരും നിരാശരാണ്. ഒരു ആദിവാസി സമൂഹത്തിൽ നിന്നുള്ള രാഷ്ട്രപതി പ്രകടിപ്പിച്ച വേദന ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ വലിയ ദുഃഖത്തിന് കാരണമായെന്നും അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. 

തൃണമൂൽ സർക്കാർ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. പ്രസിഡന്റിനോടുള്ള ഈ അപമാനത്തിന് അവരുടെ ഭരണകൂടമാണ് ഉത്തരവാദികൾ. സന്താൽ സംസ്കാരം പോലെ പ്രധാനപ്പെട്ട ഒരു വിഷയത്തെ പശ്ചിമ ബംഗാൾ സർക്കാർ ഇത്ര ലാഘവത്തോടെ കാണുന്നത് ഒരുപോലെ നിർഭാഗ്യകരമാണ്. രാഷ്ട്രപതിയുടെ ഓഫീസ് രാഷ്ട്രീയത്തിന് അതീതമാണ്, ഈ ഓഫീസിന്റെ പവിത്രത എല്ലായ്പ്പോഴും ബഹുമാനിക്കപ്പെടണമെന്നും മോദി പറഞ്ഞു. എന്നാൽ, രാഷ്ട്രപതിയുടെ സന്ദർശനത്തിൽ പ്രോട്ടോക്കോൾ വീഴ്ചയുണ്ടായിട്ടില്ലെന്ന് പറഞ്ഞ മമത, രാജ്യത്തെ പരമോന്നത പദവി ബിജെപി രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണെന്ന് ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭര്‍ത്താവ് മരിച്ച് ഇരുപതാം ദിവസം മറ്റൊരാളുമായി വിവാഹം, നാട്ടുകാരുടെ സംശയം ശരിയായി, ഭാര്യയോടൊപ്പം കാമുകനും കുടുങ്ങി
പാർലമെൻ്റിൽ ഇന്ന് നിർണായകം; പ്രതിപക്ഷത്തെ 118 അംഗങ്ങൾ ഒപ്പിട്ട പ്രമേയം ചർച്ച ചെയ്യും; വിപ്പ് നൽകി കോൺഗ്രസ്; സ്‌പീക്കറെ മാറ്റണമെന്ന ആവശ്യം ശക്തം