ജമ്മുകശ്മീരിന് സംസ്ഥാന പദവി? തീരുമാനം പ്രധാനമന്ത്രി സർവകക്ഷി യോഗത്തെ അറിയിച്ചേക്കും

By Web TeamFirst Published Jun 20, 2021, 2:55 PM IST
Highlights

370-ാം അനുഛേദം റദ്ദാക്കിയ ശേഷം ഇത് ആദ്യമായാണ് ജമ്മുകശ്മീരിലെ പാര്‍ട്ടികളും കേന്ദ്രവും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. 

ദില്ലി: ജമ്മുകശ്മീരിന് സംസ്ഥാനപദവി നല്‍കിയേക്കും. പ്രധാനമന്ത്രി വിളിച്ചിരിക്കുന്ന സർവ്വകക്ഷി യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് വർഷമാകാൻ പോകുമ്പോഴാണ് കേന്ദ്രം ചില നിർണ്ണായക മാറ്റങ്ങൾ ആലോചിക്കുന്നത്. ജമ്മുകശ്മീരിനെ രണ്ടാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാണ് രൂപീകരിച്ചത്. ഇതിൽ ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി തുടരും. ജമ്മുകശ്മീർ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും എന്നായിരുന്നു തുടക്കത്തിലെ പ്രഖ്യാപനം. 

എന്നാൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ആലോചിക്കുമ്പോൾ പൂർണ്ണ സംസ്ഥാനപദവി നല്‍കിയാലോ എന്ന ആലോചന സജീവമാകുകയാണ്. വ്യാഴാഴ്ച ചേരുന്ന സർവ്വകക്ഷി യോഗത്തിൽ ഇക്കാര്യത്തിലുള്ള നിലപാട് പ്രധാനമന്ത്രി തന്നെ അറിയിക്കാനാണ് സാധ്യത. എന്നാൽ പ്രത്യേക പദവി പുനസ്ഥാപിക്കില്ല. മണ്ഡല പുനർനിർണ്ണയം പൂർത്തിയാക്കിയതിന് ശേഷം തെരഞ്ഞെടുപ്പ് നടത്താം എന്ന ഉറപ്പും നല്‍കും. എന്നാൽ യോഗത്തിൽ നിന്ന് വിട്ട് നില്‍ക്കണമെന്നാണ് പി‍ഡിപി രാഷ്ട്രീയകാര്യസമിതി യോഗത്തിലുയർന്ന വികാരം. പ്രത്യേക പദവി എന്ന ആവശ്യത്തിൽ ഉറച്ച് നില്‍ക്കാനാണ് ധാരണ.  കോൺഗ്രസും സിപിഎമ്മും യോഗത്തിനെത്തും എന്ന് സൂചന നല്‍കിയിരുന്നു. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയെ യോഗത്തിനയക്കുന്ന കാര്യവും ചർച്ചയിലുണ്ട്.

സർവ്വകക്ഷി യോഗത്തിന് മുമ്പ് ഇന്ത്യ പാകിസ്ഥാൻ ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ ചർച്ച നടക്കാനും ഇതിനിടെ സാധ്യത തെളിഞ്ഞു. ചൊവ്വാഴ്ച ചേരുന്ന ഷാങ്ഹായി സഹകരണ സംഘടന യോഗത്തിനിടെ ചർച്ച നടക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി നിറുത്തിവച്ചിരിക്കുന്ന ഇരുരാജ്യങ്ങൾക്കുമിടയിലെ ആശയവിനിമയം പുനസ്ഥാപിക്കുന്നതിനും അത് തുടക്കമിടും.
 

click me!