
കൊച്ചി: ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക വരുന്നു. വെള്ളിയാഴ്ച്ച ഐ.എന്‍.എസ്. വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാകും പുതിയ പതാക പ്രകാശനം ചെയ്യുക . നിലവില്‍ സെന്‍റ് ജോര്‍ജ് ക്രോസിന്‍റെ ഒരറ്റത്ത് ത്രിവര്‍ണ പതാക പതിപ്പിച്ചതാണ് നാവികസേനയുടെ പതാക.
മൂന്നു സമുദ്രങ്ങളിൽ ഇന്ത്യയുടെ കാവലാളാണ് നമ്മുടെ നാവികസേന. നാവികസേനയുടെ പാതകയിലെ അവസാന കൊളോണിയൽ ചിഹ്നത്തിനാണ് അവസാനമാകുന്നത്. ‘പുതിയ പതാക കൊളോണിയല്‍ ഓര്‍മകളെ പൂര്‍ണമായി മായ്ക്കും. ഇന്ത്യയുടെ സമുദ്രപാരമ്പര്യത്തിന് യോജിച്ചതാവും ഇതെന്നാണ്
പ്രധാനമന്ത്രിയുെട ഓഫിസ് പുറത്തിറക്കിയ സന്ദേശത്തിൽ പറയുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാംതവണയാണ് നാവികസേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്.
രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാന വാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്‍റെ കമ്മിഷനിങ് കൊച്ചിയില്‍ നടക്കുമ്പോഴാകും പ്രധാനമന്ത്രി പുതിയ പതാക അനാവരണം ചെയ്യുക. ഒരുപക്ഷേ നാവികസേനാ പതാകയുടെ അവസാനത്തെ പരിഷ്കാക്കാരമാകും ഇതെന്നാണ് റിപ്പോർട്ടുകൾ. വെള്ളപതാകയില്‍ നെറുകയും കുറുകയും ചുവന്ന വരയും ഈ വരകള്‍ കൂട്ടിമുട്ടുന്നിടത്ത് ദേശീയചിഹ്നമായ അശോകസ്തംഭവും, ഇടത് വശത്ത് മുകളിലായി ദേശീയപതാകയുമാണ് നിലവിലെ പതാക. ചുവന്ന വരികള്‍ സെന്‍റ് ജോര്‍ജ് ക്രോസെന്നാണ് അറിയപ്പെടുക.
ബ്രിട്ടിഷ് ഭരണകാലംമുതലുള്ള പതാകയാണിത്. ഇത് മാറ്റിയാണ് ഇന്ത്യന്‍ സമുദ്രപാരമ്പര്യം വിളിച്ചോതുന്നതാക്കി മാറ്റുന്നത്. എന്തൊക്കെയാണ് പുതിയ പതാകയില്‍ ഇടംനേടുക എന്ന് വ്യക്തമല്ലെങ്കിലും സെന്‍റ് ജോര്‍ജ് ക്രോസ് മാറ്റുമെന്ന് ഉറപ്പാണ്. കരസേനയുടെയും വ്യോമസേനയുടെ പതാകയുമായി ചേര്‍ന്നുപോകുന്നത് കൂടിയാകും നാവികസേനയുടെ പുതിയ പതാക.
10 ഡിസൈനുകളില്‍നിന്നാണ് പുതിയ പതാക തിരഞ്ഞെടുത്തിരിക്കുന്നത്. 2001 മുതല്‍ 2004 വരെ വാജ്പേയി സര്‍ക്കാര്‍ സെന്‍റ് ജോര്‍ജ് ക്രോസ് മാറ്റിയിരുന്നു. എന്നാല്‍ പിന്നീട് യുപിഎ സര്‍ക്കാര്‍ വീണ്ടും പഴയ പതാക കൊണ്ടുവന്നു. നാവികസേന തന്നെ ഉയര്‍ത്തിയ ആവശ്യം കണക്കിലെടുത്തായിരുന്നു ഇത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam