
ദില്ലി : കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽക്കെ, പ്രതികരിച്ച് ശശി തരൂർ. നവോത്ഥാന തന്ത്രം നടപ്പാക്കാൻ കഴിവുള്ള നേതൃത്വമാണ് കോൺഗ്രസിന് വേണ്ടതെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഒരു കുടുംബം തന്നെ കോൺഗ്രസ് പാര്‍ട്ടിയെ നയിക്കണമെന്ന അവസ്ഥ പാടില്ലെന്ന നിലപാടാണ് തരുരിനുള്ളത്. അധ്യക്ഷ പദവിയിലെ ഒഴിവ് എത്രയും പെട്ടന്ന് നികത്തണമെന്നും നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാര്‍ഗമാകും തെരഞ്ഞെടുപ്പെന്നും അദ്ദേഹം വിശദീകരിച്ചു. സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളാതെയായിരുന്നു ശശി തരൂരിന്‍റെ മാധ്യമങ്ങളോടുള്ള പ്രതികരണം.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്നും ആരും ഉണ്ടാകില്ലെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. അധ്യക്ഷപദത്തിലേക്ക് രാഹുലോ സോണിയയോ പ്രിയങ്ക ഗാന്ധിയോ നാമനിർദേശ പത്രിക നല്‍കില്ലെന്നാണ് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഗാന്ധി കുടുംബമില്ലെങ്കില്‍ ജി 23 സ്ഥാനാര്‍ത്ഥിയായി ശശി തരൂരോ മനീഷ് തിവാരിയോ മത്സരിച്ചേക്കും. ഇവരിൽ കൂടുതൽ സാധ്യത ശശി തരൂരിനാണ്. കോൺഗ്രസ് വിട്ട ഗുലാം നബി ആസാദിന്റെ പിന്തുണയും ശശി തരൂരിനുണ്ട്.
'പറയൂ, നായനാർക്ക് തെറ്റ് പറ്റിയോ ? ലോകായുക്തയെ കൊന്നത് പിണറായി സർക്കാർ '; വിമര്‍ശിച്ച് പ്രതിപക്ഷം
അതേ സമയം, ഗുലാം നബി ആസാദുമായി കോൺഗ്രസിലെ വിമതരായ ജി 23 നേതാക്കൾ കൂടിക്കാഴ്ച നടത്തി. ആനന്ദ് ശർമ, പൃഥ്വിരാജ് ചവാൻ, ഭൂപീന്ദർ ഹൂഡ എന്നിവരാണ് ആസാദുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ വൈകിട്ട് ഗുലാം നബി ആസാദിന്റെ ദില്ലിയിലെ വസതിയിൽ വച്ചായിരുന്നു കുടിക്കാഴ്ച. പാർട്ടിയുടെ സംഘടന തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്തതായാണ് വിവരം. വരുന്ന സെപ്റ്റംബർ അഞ്ചിന് ആസാദ് ജമ്മു കാശ്മീരിൽ റാലി നടത്തുമെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചതിന് ശേഷമാണ് കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam