
ദില്ലി: നൂറ് കോടി വാക്സീൻ (Covid 19 Vaccine)എന്ന ലക്ഷ്യം കൈവരിക്കാനായത് രാജ്യത്തിൻ്റെ കരുത്തിൻ്റെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). ഇത് രാജ്യത്തെ ജനങ്ങളുടെ വിജയമാണ്. അസാധാരണ ലക്ഷ്യമാണ് രാജ്യം കൈവരിച്ചിരിക്കുന്നതെന്നും. രാജ്യം കൊറോണയിൽ (Coronavirus) നിന്ന് കൂടുതൽ സുരക്ഷിതമാണെന്ന് ലോകം വിലയിരുത്തുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
ഇന്ത്യക്ക് വാക്സീൻ എല്ലാവരിലേക്കും എത്തിക്കാനാകുമോ എന്നതിൽ പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ ആ സംശയം അസ്ഥാനത്തായെന്നും വികസിത രാജ്യങ്ങളെക്കാൾ മികച്ച രീതിയിൽ രാജ്യത്ത് കൊവിഡ് വാക്സീൻ വിതരണം നടത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെ അതിജീവിക്കാൻ ഇന്ത്യക്ക് കഴിയുമോയെന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് വാക്സീനേഷനിലെ മുന്നേറ്റം.
വിളക്ക് കത്തിക്കാൻ പറഞ്ഞപ്പോൾ അത് കൊണ്ട് കൊറോണയെ തുരത്താൻ പറ്റുമോയെന്ന് പുച്ഛിച്ചു. പക്ഷേ രാജ്യത്തിൻ്റെ ഐക്യമാണ് വിളക്കു തെളിക്കലിലൂടെ വെളിപ്പെട്ടത്. നമ്മുടെ രാജ്യമുണ്ടാക്കിയ കൊവിൻ പ്ലാറ്റ്ഫോം ലോകശ്രദ്ധ പിടിച്ചുപറ്റി. ലോകം മുഴുവൻ ഇന്ത്യയുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയാണ്. വാക്സിനേഷനിൽ വിവേചനം ഇല്ലെന്ന് ഉറപ്പാക്കിയെന്നും വിഐപി സംസ്കാരം വാക്സീൻ നൽകുന്നതിൽ നിന്ന് ഒഴിവാക്കിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
ചരിത്ര നേട്ടത്തിന്‍റെ ആഘോഷം കൂടിയാകും ഇത്തവണത്തെ ദീപാവലിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക രംഗം മെച്ചപ്പെടുകയാണ്. വിദേശ നിക്ഷേപത്തിലും വലിയ പുരോഗതി കൈവരിക്കുന്നു. തൊഴിലവസരങ്ങൾ കൂടിയെന്നും കാര്‍ഷിക രംഗവും നേട്ടത്തിന്‍റെ പാതയിലാണെന്നും പ്രധാനമന്ത്രി അവകാശപ്പെടന്നു. മെയ്ഡ് ഇൻ ഇന്ത്യ യാഥാര്‍ത്ഥ്യമാകാൻ കൂട്ടായ കഠിനാദ്ധ്വാനം വേണമെന്നും രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുകയാണെന്നും മോദി പറഞ്ഞു.
രാജ്യത്ത് സാമ്പത്തിക മാന്ദ്യം തുടരുന്നു എന്ന വിമര്‍ശനങ്ങൾ തള്ളുകയാണ് ഇതിലൂടെ പ്രധാനമന്ത്രി. രണ്ടാം കൊവിഡ് തരംഗം നേരിട്ടത്തിലെ വീഴ്ചകളും മരണകണക്കിനെ ചൊല്ലിയുള്ള വിമര്‍ശനങ്ങളും തുടരുമ്പോഴാണ് അതിനെ മറികടക്കാൻ 100 കോടി വാക്സിൻ നേട്ടം പ്രധാനമന്ത്രി ആഘോഷമാക്കുന്നത്. വിമര്‍ശകര്‍ക്ക് മറുപടി നൽകുന്നതിനൊപ്പം സര്‍ക്കാര്‍ നേട്ടത്തിന്‍റെ പാതയിലെന്ന സന്ദേശം നൽകാനാണ് ഇന്നത്തെ അഭിസംബോധനയിലൂടെ പ്രധാനമന്ത്രി ശ്രമിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam