
ദില്ലി: യുക്രൈനില്‍ (Ukraine) നിന്നുള്ള രക്ഷാദൗത്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi ) വീണ്ടും ഉന്നതതല യോഗം വിളിച്ചു. രക്ഷാദൗത്യത്തിന് നാല് മന്ത്രിമാര്‍ നേരിട്ടിറങ്ങും. ഹര്‍ദീപ് സിംഗ്പുരിയും കിരണ്‍ റിജിജുവും സംഘത്തിലുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, വി കെ സിംഗ് എന്നിവരടക്കം യുക്രൈന്‍റെ അയല്‍രാജ്യങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും. യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ വലയുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രിയും അടിയന്തര യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഉന്നതലയോഗം ചേര്‍ന്ന് നിര്‍ണ്ണായക തീരുമാനമെടുത്തിരിക്കുന്നത്.
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൌരൻമാരെ തിരിച്ചെത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന അജണ്ടയെന്നായിരുന്നു ഇന്നലെ ചേര്‍ന്ന യോഗത്തിലെ തീരുമാനം. രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ യോഗം രണ്ട് മണിക്കൂർ നീണ്ടുനിന്നു. ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ എന്തൊക്കെ കാര്യം ചെയ്യണമെന്ന് യോഗം ചർച്ച ചെയ്തിരുന്നു. വിവിധ മുഖ്യമന്ത്രിമാർ നൽകിയ കത്തുകളും യോഗത്തിൽ ചർച്ച ചെയ്തിരുന്നു. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ കൂടുതൽ ലോക രാജ്യങ്ങളുടെ സഹകരണം തേടാൻ തീരുമാനിച്ചിട്ടുണ്ട്. റഷ്യയുടെ ഭാഗത്ത് നിന്നുള്ള സഹകരണം എങ്ങനെയാകും എന്നതും യോഗം ചർച്ച ചെയ്തു. കൂടുതൽ സമ്മർദ്ദം ചെലുത്തുന്ന കാര്യവും യോഗത്തിൽ ചർച്ചയായി.
അതേസമയം റൊമേനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനവും ഇന്ന് ദില്ലിയിൽ എത്തി. 249 ഇന്ത്യക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 12 പേർ മലയാളികളാണ്. വിസ്താര, എയർ ഇന്ത്യ വിമാനങ്ങളിൽ മലയാളികൾ ദില്ലിയിൽ നിന്നും കേരളത്തിലേക്ക് മടങ്ങും. ആറ് പേരാണ് വൈകിട്ട് 5.20 ന് കൊച്ചിയിലെത്തുന്ന എയർ ഇന്ത്യ ഫ്ലൈറ്റിൽ കേരളത്തിലേക്ക് എത്തുക. തിരുവനന്തപുരത്തേക്ക് അഞ്ച് പേരും കോഴിക്കോടേക്കും ഒരാളുമാണുള്ളത്. തിരുവനന്തപുരം എയർ ഇന്ത്യ വിമാനം രാത്രി 8.30 ന് എത്തും. 7.30 ന് എത്തുന്ന ഇൻഡിഗോ വിമാനത്തിലാകും കോഴിക്കോട് സ്വദേശിയെത്തുക. ഇതോടെ യുദ്ധഭൂമിയായി മാറിയ യുക്രൈനിൽ നിന്നും ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 1157 ആയി. ഇവരിൽ 93 പേർ മലയാളികളാണ്. മൂന്ന് ദിവസത്തിനുള്ളിൽ 7 വിമാനങ്ങൾ കൂടി രക്ഷാദൌത്യത്തിന്‍റെ ഭാഗമാകും.
അതിനിടെ യുക്രൈനില്‍ നിന്നെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാള്‍ഡോവ അഭയം നല്‍കിയതായി വാര്‍ത്തകള്‍ പുറത്തുവന്നു. അതിര്‍ത്തി കടക്കാന്‍ കഴിഞ്ഞതായി മലയാളി വിദ്യാര്‍ത്ഥി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുക്രൈനില്‍ നിന്ന് മാള്‍ഡോവയിലെത്തിയ അലീനയാണ് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്. അലീന അടക്കം 45 പേര്‍ ബസിലാണ് മാള്‍ഡോവയിലെത്തിയത്. അവിടെ സൈനിക ആശുപത്രിയില്‍ തങ്ങള്‍ക്ക് താമസ സൌകര്യമൊരുക്കിയെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു.
സ്വന്തം റിസ്കിലാണ് മാള്‍ഡോവയിലെത്തിയത്. യുക്രൈന്‍ വിട്ടതോടെ ആശ്വാസമായെന്നും ഒഡേസയിലുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം മാള്‍ഡോവയിലെത്തിയിട്ടുണ്ടെന്നും അലീന പറഞ്ഞു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വൈകാതെ മാള്‍ഡോവയിലെത്തും. ഉദ്യോഗസ്ഥരത്തിയതിന് ശേഷം വിദ്യാര്‍ത്ഥികളെ റൊമേനിയയിലേക്ക് കൊണ്ടുപോകാനാണ് നീക്കും. തുടര്‍ന്ന് വിമാനത്തില്‍ ഇന്ത്യയിലേക്ക് എത്തിക്കും.മാള്‍ഡോവയില്‍ നിന്ന് വൈകാതെ തന്നെ രക്ഷാദൌത്യം ആരംഭിക്കുമെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam