
അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിലുള്ള ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) ക്യാമ്പസിൽ സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനോടൊപ്പമാണ് അദ്ദേഹം ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തത്. പെഡ്രോ സാഞ്ചസിൻ്റെ പ്രഥമ ഇന്ത്യാ സന്ദർശനമാണിതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ഇന്ന് പുതിയ ദിശയെലേക്കെത്തുകയാണെന്നും സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സി-295 വിമാനങ്ങൾ നിർമ്മിക്കാനുദ്ദേശിച്ചുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, 'മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്' എന്ന ദൗത്യത്തിന് ആക്കം കൂട്ടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എയർബസിൻ്റെയും ടാറ്റയുടെയും മുഴുവൻ ടീമിനും ആശംസകൾ അറിയിച്ച മോദി അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
പുതിയ ഇന്ത്യയുടെ പുതിയ തൊഴിൽ സംസ്‌കാരത്തിൻ്റെ പ്രതിഫലനമാണ് സി 295 വിമാനങ്ങളുടെ നിർമ്മാണശാലയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വഡോദരയിൽ ബൊംബാർഡിയർ ട്രെയിൻ കോച്ച് നിർമാണ കേന്ദ്രം സ്ഥാപിച്ചെന്നും ഈ ഫാക്ടറിയിൽ നിർമ്മിച്ച മെട്രോ കോച്ചുകൾ ഇന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സിൽ നിർമ്മിക്കുന്ന വിമാനങ്ങളും കയറ്റുമതി ചെയ്യപ്പെടുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 30 മടങ്ങ് വർധിച്ചിട്ടുണ്ടെന്നും ഇന്ത്യ ഇപ്പോൾ 100 രാജ്യങ്ങളിലേക്ക് ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സി-295 പദ്ധതിക്ക് കീഴിൽ, ആകെ 56 വിമാനങ്ങളാണ് നിർമ്മിക്കുക. ഇതിൽ 16 എണ്ണം സ്പെയിനിൽ നിന്ന് എയർബസ് നേരിട്ട് ഇറക്കുമതി ചെയ്യും. ബാക്കി 40 എണ്ണം ഇന്ത്യയിൽ നിർമ്മിക്കും. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിനാണ് ഈ 40 വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാനുള്ള ചുമതല. ടാറ്റയെ കൂടാതെ, പ്രതിരോധ മേഖലയിലെ പൊതു മേഖലാ സംരംഭങ്ങളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് എന്നിവയും സ്വകാര്യ മേഖലയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും ഈ പദ്ധതിയുടെ ഭാഗമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam