
ദില്ലി: കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകൾക്ക് കീഴില്‍ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മെഗാ ‘റോസ്ഗർ മേള’ എന്ന ജോബ് ഫെസ്റ്റിന് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ തുടക്കം കുറിച്ചു. 75, 000 പേർക്കുള്ള നിയമന ഉത്തരവ് തൊഴില്‍മേളയില്‍ പ്രധാനമന്ത്രി കൈമാറി. നിയമന യജ്ഞത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കുന്ന ചടങ്ങിന്റെ തത്സമയ വെബ്‌കാസ്റ്റിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സാക്ഷ്യം വഹിച്ചു. കൊച്ചിയില്‍ നടന്ന പരിപാടിയിലാണ് മന്ത്രി ചടങ്ങ് ഓണ്‍ലൈനിലൂടെ സാക്ഷ്യം വഹിച്ചത്.
റാങ്ക് ലിസ്റ്റിലുള്ളവരുമായി പ്രധാനമന്ത്രി വിഡിയോ കോണ്‍ഫ്രന്‍സിലൂടെ സംവദിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്നായി കേന്ദ്രമന്ത്രിമാരും പരിപാടിയിൽ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാരിന്‍റെ 38 മന്ത്രാലയങ്ങൾക്ക് കീഴിലായാണ് 10 ലക്ഷം പേര്‍ക്ക് നിയമനം നല്‍കുന്നത്. പ്രതിരോധ, റെയിൽവേ, ആഭ്യന്തര, തൊഴിൽ, വകുപ്പുകളിലേക്കും കേന്ദ്ര ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, സി.ബി.ഐ, കസ്റ്റംസ്, ബാങ്കിങ് എന്നിവയിലേക്കുമാണ് നിയമനം. ഒന്നര വർഷത്തിനകം പത്ത് ലക്ഷം പേർക്ക് കേന്ദ്രസർക്കാരിനു കീഴിൽ ജോലി നല്‍കുമെന്നും 75,000 യുവാക്കൾക്ക് ദീപാവലിക്ക് മുന്‍പായി നിയമനം നല്‍കുമെന്നും കഴിഞ്ഞ ജൂണിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
കേന്ദ്ര സർക്കാരിന്‍റെ വിവിധ വകുപ്പുകളിലായി ഗ്രൂപ്പ് എ (ഗസറ്റഡ് )- 23584, ഗ്രൂപ്പ് ബി (ഗസറ്റഡ്- 26282, ഗ്രൂപ്പ് ബി (നോൺഗസറ്റഡ്)- 92525, ഗ്രൂപ്പ് സി- 8.36 ലക്ഷം എന്നിങ്ങനെയാകും അടുത്ത ഒന്നര വർഷത്തിനകം നിയമനം നൽകുക. പ്രതിരോധമന്ത്രാലയം, റെയിൽവേ, ആഭ്യന്തരമന്ത്രാലയം എന്നിവിടിങ്ങളിലായാണ് കൂടുതൽ ഒഴിവുകളുള്ളത്.
Read More : ദീപോത്സവത്തിനായി രാജ്യം ഒരുങ്ങി; ആഘോഷങ്ങള്‍ക്ക് പകിട്ടേകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അയോധ്യയില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam