
ദില്ലി: രാജ്യത്തിന്‍റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടന ദിനത്തിൽ സുപ്രീംകോടതിയിൽ ഇ കോടതി പദ്ധതി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോടതികൾ ജനങ്ങളിലേക്ക് എത്തുകയാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
ഭരണഘടന ദിനത്തിൽ മുംബൈ ഭീകരാക്രമണം അനുസ്മരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇന്ത്യയുടെ വളർച്ചയെ ലോകം ആകാംക്ഷയോടെ നോക്കുകയാണെന്നും രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണ് ഭരണഘടനയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ജനാധിപത്യം നിലനിൽക്കില്ലെന്ന് പലരും പറഞ്ഞു. എന്നാൽ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തിലും ഭരണഘടന ഉയർത്തി പിടിച്ച ഇന്ത്യ മുന്നോട്ട് പോകുകയാണ്. പുരോഗമന കാഴ്ച്ചപ്പാടുകളാണ് ഇന്ത്യൻ ഭരണഘടന മുന്നോട്ട് വെക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യൻ ഭരണഘടനയെന്നും അത് ഉയർത്തിപ്പിടിച്ചാണ് നമ്മൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോടതികൾ ജനങ്ങളിലേക്ക് എത്തേണ്ടകാലമാണിതെന്നും പൗരകേന്ദീകൃതമാണ് രാജ്യത്തിന്റെ ഭരണഘടനയെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. കൊളോണിയൽ കാലത്തെ കോടതികൾ സമൂഹിക നീതി ഉറപ്പാക്കിയിരുന്നില്ല എന്നാൽ സമത്വമാണ് ഭരണഘടനയുടെ ആശയമെന്നും ചന്ദ്രചൂഡ് പറഞ്ഞു. നീതിക്കായി ജനങ്ങൾ കോടതിയിലേക്ക് അല്ല എത്തേണ്ടത്. കോടതി ജനങ്ങളിലേക്ക് എത്തുകയാണ് പ്രധാനമെന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞത്.
ഇ-കോടതി പദ്ധതിക്കുകീഴിൽ നടപ്പാക്കുന്ന വിവിധ സംരംഭങ്ങൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. വെർച്വൽ ജസ്റ്റിസ് ക്ലോക്ക്, ജസ്റ്റിസ് മൊബൈൽ ആപ്പ് 2.0, ഡിജിറ്റൽ കോടതി, വെബ്സൈറ്റുകൾ എന്നിവയ്ക്കാണ് ചടങ്ങിൽ തുടക്കമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam