
ബംഗളുരു: ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞന്‍മാരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ബംഗളുരുവിലെത്തും. ദക്ഷിണാഫ്രിക്ക, ഗ്രീസ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തുന്ന ഉടനെയാണ് പ്രധാനമന്ത്രി ബംഗളുരുവിലേക്ക് പോകുന്നത്. രാവിലെ 7.15ന് അദ്ദേഹം ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് (ISTRAC) സന്ദർശിക്കും. ചന്ദ്രയാൻ-3 ദൗത്യത്തിലെ കണ്ടെത്തലുകളെക്കുറിച്ചും പുരോഗതിയെക്കുറിച്ചും ശാസ്ത്രജ്ഞന്‍മാര്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കും.
അതേസമയം ചന്ദ്രയാൻ മൂന്നിലെ റോവർ ചന്ദ്രനിൽ ഇറങ്ങുന്ന കൂടുതല്‍ ദൃശ്യങ്ങൾ ഇന്ന് ഐഎസ്ആര്‍ഒ പുറത്തുവിട്ടു. റോവറിന്റെ പിൻ ചക്രങ്ങളിലെ മുദ്രകളും വീഡിയോയിൽ വ്യക്തമായി കാണാം. ഇതോടെ, ചന്ദ്രോപരിതലം തൊട്ട ലോകത്തിലെ എട്ടാമത്തെ റോവര്‍ ഐഎസ്ആർഒയുടേതായി.
ഐഎസ്ആർഒയുടെ കുഞ്ഞൻ റോവർ ലാൻഡറിന്റെ തുറന്നിട്ട വാതിലിലൂടെ ചന്ദ്രോപരിതലത്തിലേക്ക് ഉരുണ്ടിറങ്ങുന്ന ദൃശ്യമാണ് ഇന്ന് പുറത്ത് വന്നത്. റോവറിന്റെ പിൻചക്രങ്ങളിൽ ഐഎസ്ആർഒയുടെയും അശോകസ്തംഭത്തിന്റെയും മുദ്രകളുണ്ട്. ചന്ദ്രോപരിതലത്തിലെ നേർത്ത പൊടിമണ്ണിൽ ഇന്ത്യന്‍ മുദ്ര പതിയുന്നതും ദൃശ്യങ്ങളില്‍ കാണാം. ചന്ദ്രോപരിതലം തൊടുകയും ഇന്ത്യന്‍ മുദ്ര പതിച്ച ശേഷം റോവർ നിൽക്കുന്നത് വരെയുള്ള ദൃശ്യങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടിരിക്കുന്നത്. ആഗസ്റ്റ് 23ന് രാത്രി തന്നെ ലാൻഡർ വാതിൽ തുറക്കുകയും 24ന് പുലർച്ചെ റോവർ ചന്ദ്രോപരിതലം തൊടുകയും ചെയ്തെങ്കിലും ദൃശ്യങ്ങൾ ഇസ്രൊ ഇപ്പോഴാണ് പുറത്തുവിടുന്നത്. ഇനി ലോകം കാത്തിരിക്കുന്നത് റോവറിന്റെ ക്യാമറകൾ പകർത്തിയ ചിത്രങ്ങൾക്കായാണ്. ലാൻഡറിലെ മറ്റ് ക്യാമറകൾ പകർത്തിയ ദൃശ്യങ്ങളും ഇസ്രൊ ഇത് വരെ പുറത്തുവിട്ടിട്ടില്ല.
Read also: പ്രധാനമന്ത്രി മോദിക്ക് പരമോന്നത പുരസ്കാരം നൽകി ഗ്രീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam