
ദില്ലി: പ്രതിപക്ഷത്തിനെതിരായ പ്രധാനമന്ത്രിയുടെ രാജ്യസഭയിലെ പരാമര്‍ശം നീക്കി. രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷത്തിനെതിരെ എന്‍പിആര്‍ വിഷയത്തില്‍ നടത്തിയ പരാമര്‍ശമാണ് നീക്കം ചെയ്യാന്‍ വെങ്കയ്യ നായിഡു നിര്‍ദേശം നല്‍കിയത്. സഭയില്‍ നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാറുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ പരാമര്‍ശം നീക്കം ചെയ്യുന്നത് അപൂര്‍വ്വമാണ്.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പറയുന്നതിന് ഇടയില്‍ പ്രതിപക്ഷത്തിനെതിരെ നടത്തിയ പരാമര്‍ശമാണ് നീക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം 6.20 മുതല്‍ 6.30 വരെ നടത്തിയ പരാമര്‍ശമാണ് നീക്കുന്നത്. സഭയ്ക്ക് അനുചിതമായി നടത്തുന്ന പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നത് വെങ്കയ്യ നായിഡുവിന്‍റെ പതിവ് രീതിയാണെങ്കിലും അതില്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം ഉള്‍പ്പെടുന്നത് വളരെ കുറവാണ്.
എന്‍പിആറിനെതിരായി നിലപാടെടുത്ത കോണ്‍ഗ്രസിനെതിരെ രൂക്ഷമായാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്‍റെ പരാമര്‍ശവും ഇതോടൊപ്പം നീക്കം ചെയ്യും. 2018ല്‍ കോണ്‍ഗ്രസ് നേതാവ് ബി കെ ഹരിപ്രസാദിനെതിരായ പ്രധാനമന്ത്രിയുടെ ഒരു പരാമര്‍ശം സമാനരീതിയില്‍ നീക്കിയിരുന്നു. 2013ല്‍ അരുണ്‍ ജയ്റ്റ്‍ലിക്കെതിരായ മന്‍മോഹന്‍ സിംഗിന്‍റെ പ്രതികരണം ഇത്തരത്തില്‍ സഭാ രേഖകളില്‍ നിന്ന് നീക്കിയിരുന്നു.
പാര്‍ലമെന്‍റിന് യോജിക്കാത്ത പദങ്ങള്‍ ഓരോ വര്‍ഷവും സഭാംഗങ്ങളുടെ പരാമര്‍ശങ്ങള്‍ക്ക് ഇടയില്‍ സംഭവിക്കാറുമ്ട്. അടുത്തിടെ പപ്പു, മരുമകന്‍, ഭര്‍തൃ സഹോദരന്‍ എന്നിവ ഈ പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയിരുന്നു. ഗോഡ്സെ, മഹാത്മ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്സെ സഭയ്ക്ക് യോജിക്കാത്ത പദമായി നേരത്തെ വിലയിരുത്തിയിരുന്നു. എന്നാല്‍ 2015ല്‍ സുമിത്ര മഹാജന്‍ ഗോഡ്സെയെ ഈ പട്ടികയില്‍ നിന്ന് നീക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam