കർണാടകയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ ജന്മദിനങ്ങളിലും വിവാഹ വാർഷിക ദിനങ്ങളിലും നിർബന്ധിത കാഷ്വൽ ലീവ് അനുവദിക്കുന്ന പുതിയ സർക്കുലർ പുറത്തിറക്കി. പൊലീസുകാരുടെ ജോലിയും ജീവിതവും തമ്മിലുള്ള സമതുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനാണ് ഈ നടപടി.

ബെംഗളൂരു: പൊലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ ജന്മദിനത്തിനും വിവാഹ വാർഷിക ദിനത്തിനും കാഷ്വൽ ലീവ് അനുവദിക്കാൻ അനുമതി നൽകുന്ന സർക്കുലർ പുറത്തിറക്കി കർണാടക. പൊലീസുകാരുടെ ജോലിയും ജീവിത സമതുലിതാവസ്ഥ മെച്ചപ്പെടുത്താനും മനോവീര്യം ഉയർത്താനും ലക്ഷ്യമിട്ടാണ് കർണാടക സംസ്ഥാന പൊലീസ് ആസ്ഥാനം ഈ സുപ്രധാന ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പൊതുസുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനായി പൊലീസ് സേന കടുത്ത സമ്മർദ്ദവും വെല്ലുവിളികളും നിറഞ്ഞ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നു. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ വ്യക്തിജീവിതത്തിലെ പ്രധാന ദിവസങ്ങൾക്ക് പ്രാധാന്യം നൽകുന്നത് ഉദ്യോഗസ്ഥരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായകരമാകുമെന്നും ഉത്തരവിൽ പറയുന്നു.

ജന്മദിനം, വിവാഹ വാർഷികം തുടങ്ങിയ പ്രത്യേക ദിവസങ്ങളിൽ അവധി നൽകുന്നത് കുടുംബത്തോടൊപ്പം ഗുണമേന്മയുള്ള സമയം ചെലവഴിക്കാനും മാനസികമായി പുതുജീവൻ നേടാനും സഹായിക്കും. ഇത് ജോലിയിലുള്ള സംതൃപ്തി വർധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നുവെന്നും അതുവഴി സേനയിലെ ജോലി മെച്ചപ്പെടുമെന്നും സർക്കുലറിൽ പറയുന്നു. കർണാടക ഡിജിപിയും ഐജിപിയുമായ ഡോ. എം.എ. സലീം ആണ് സർക്കുലർ പുറത്തിറക്കിയത്. ഉദ്യോഗസ്ഥരും ജീവനക്കാരും ആവശ്യപ്പെടുന്ന പക്ഷം അവധി നിർബന്ധമായും അനുവദിക്കണം എന്നാണ് യൂണിറ്റ് മേധാവികൾക്ക് നൽകിയ നിർദേശം. സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും ഈ ഉത്തരവ് ഒരുപോലെ നടപ്പാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.