എന്താണ് സ്വകാര്യ ബില്ല്? 'ശബരിമല'യിൽ പ്രേമചന്ദ്രന്‍റെ ബില്ല് പാസ്സാകുമോ? ബിജെപി പിന്തുണക്കുമോ?

By Web TeamFirst Published Jun 21, 2019, 10:23 AM IST
Highlights

സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നാണ് ബില്ലിലെ ആവശ്യം. കേന്ദ്രം ഈ ബില്ലിനോട് എന്ത് സമീപനം സ്വീകരിക്കും എന്നത് പ്രധാനമാണ്. 

ദില്ലി: ശബരിമല വിഷയത്തിലടക്കം നാല് സ്വകാര്യ ബില്ലുകള്‍ ഇന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി ലോക്സഭയില്‍ അവതരിപ്പിക്കും. സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നാണ് ബില്ലിലെ ആവശ്യം. കേന്ദ്രം ഈ ബില്ലിനോട് എന്ത് സമീപനം സ്വീകരിക്കും എന്നത് പ്രധാനമാണ്. ഇത് കൂടാതെ പ്രേമചന്ദ്രൻ തന്നെ കൊണ്ടുവന്ന തൊഴിലുറപ്പ്, ഇഎസ്ഐ, സര്‍ഫാസി നിയമ ഭേദഗതി ബില്ലുകൾക്കും ഇന്ന് അവതരണാനുമതിയുണ്ട്.

'ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍' എന്ന പേരിലാണ് എന്‍കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നത്. 17-ാമത് ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്. 

എന്താണ് സ്വകാര്യബില്ല്?

നിയമനിർമാണത്തിനുള്ള ആദ്യ പടിയാണ് ബില്ലുകൾ. നിയമത്തിന്‍റെ കരട് രേഖ ബില്ലുകളായാണ് ലോക്സഭയിലും രാജ്യസഭയിലും കൊണ്ടുവരിക. രണ്ടിടത്തും അവതരിപ്പിച്ച്, അംഗങ്ങൾ ഇതിൽ ചർച്ച നടത്തി അത് പാസ്സാക്കിയാൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നൽകും. രാഷ്ട്രപതി ഇതിൽ ഒപ്പുവച്ചാൽ അത് നിയമമായി. 

ബില്ലുകൾ രണ്ട് തരത്തിലുണ്ട്. ഒന്ന് സർക്കാർ കൊണ്ടുവരുന്ന ബില്ലുകൾ. കേന്ദ്രമന്ത്രിസഭയിലെ ഒരംഗമായിരിക്കും ഈ ബില്ലുകൾ കൊണ്ടുവരിക. രണ്ടാമത് സ്വകാര്യ ബിൽ. രാജ്യസഭയിലോ ലോക്സഭയിലോ ഉള്ള ഒരംഗത്തിന് ഈ ബില്ല് അവതരിപ്പിക്കാൻ അവകാശമുണ്ടായിരിക്കും.

സ്വകാര്യബില്ല് അവതരിപ്പിക്കുന്നതിന് ആദ്യം പാർലമെന്‍റിൽ നോട്ടീസ് നൽകണം. എന്തിനാണ് ബില്ല് കൊണ്ടുവരുന്നതെന്ന് വ്യക്തമാക്കണം. ഈ ബില്ല് ചട്ടപ്രകാരം അവതരിപ്പിക്കാമോ എന്ന് രാജ്യസഭാ സെക്രട്ടേറിയറ്റോ ലോക്സഭാ സെക്രട്ടേറിയറ്റോ പരിശോധിക്കും. എന്തെങ്കിലും സംശയം ഇതിലുണ്ടെങ്കിൽ അതാത് സെക്രട്ടേറിയറ്റുകൾ നിയമമന്ത്രാലയത്തിന്‍റെ സഹായം തേടും.

നിയമമന്ത്രാലയം കൂടി അംഗീകരിച്ചാൽ ബില്ല് അവതരിപ്പിക്കാൻ അവസരം നൽകും. ഏതൊക്കെ ബില്ല് അവതരിപ്പിക്കണം എന്ന് നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുക. പല എംപിമാരും പല വിഷയങ്ങളും സഭയ്ക്ക് മുന്നിൽ കൊണ്ടുവരുന്നുണ്ടാകാം. പക്ഷേ ഇതിൽ ഏതൊക്കെയാണ് അവതരിപ്പിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് നറുക്കെടുപ്പിലൂടെയാണ്. അതായത്, ഒരു ബില്ല് അവതരിപ്പിക്കാൻ, അതിൽ ചർച്ചയുണ്ടാകാൻ, അത് അംഗീകരിക്കപ്പെടാൻ ഒക്കെ ബുദ്ധിമുട്ടാണെന്നർത്ഥം.

സാധാരണ വെള്ളിയാഴ്ചകളിലാണ് ഇത്തരം ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി നൽകുക. സ്വകാര്യ അംഗങ്ങളുടെ ദിനം എന്നാണ് വെള്ളിയാഴ്ചകളെ സാധാരണ വിളിക്കാറ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുക
പ്രേമചന്ദ്രന്‍റെ ഈ ബില്ല് കൊണ്ടുവരണമെങ്കിൽ ഭൂരിപക്ഷം അംഗങ്ങളും യോജിക്കണം. അംഗങ്ങളെല്ലാം ഈ ബില്ലിനോട് യോജിക്കാൻ തന്നെയാണ് സാധ്യത. ഈ സാഹചര്യത്തിൽ ബിജെപി ഈ ബില്ലിനെ എതിർക്കാൻ ഒരു സാധ്യതയുമില്ല. 

ബില്ല് അവതരിപ്പിച്ചാലും ഇത് ചർച്ചയ്ക്ക് എടുക്കുക എളുപ്പമല്ല. 25-ാം തീയതിയാണ് ഏതൊക്കെ ബില്ലുകൾ ചർച്ചയ്ക്ക് എടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നറുക്കെടുപ്പ് നടക്കുക. അന്ന് നറുക്കെടുപ്പിൽ വിജയിച്ചാൽ ബില്ല് ചർച്ചയ്ക്ക് വരും. 

സാധാരണ ലോക്സഭയിൽ മുന്നൂറിലധികം ബില്ലുകൾ അവതരിപ്പിക്കാറുണ്ട്. എന്നാൽ ഇരുപതിൽ താഴെ സ്വകാര്യ ബില്ലുകൾ മാത്രമാണ് ചർച്ചയ്ക്ക് എടുക്കുക.

ച‍ർച്ചയ്ക്ക് എടുത്താലും ഇത്തരം സ്വകാര്യ ബില്ലുകൾ പാസ്സാക്കാറുണ്ടോ? സാധ്യത വളരെക്കുറവാണ് എന്നതാണുത്തരം. 1970 മുതൽ ഒരു സ്വകാര്യ ബില്ലും പാർലമെന്‍റ് ബില്ല് പാസ്സാക്കിയിട്ടില്ല. ഇതുവരെ 14 സ്വകാര്യ ബില്ലുകൾ മാത്രമാണ് നിയമമായിട്ടുള്ളത്. പലപ്പോഴും സ്വകാര്യബില്ലുകൾ സമഗ്രമാകാറില്ല. കേന്ദ്രസർക്കാർ നിയമമന്ത്രാലയത്തിന്‍റെയും ഉദ്യോഗസ്ഥ തല ചർച്ചകളുടെയും വലിയ ആലോചനാ നടപടികളിലൂടെയും കൊണ്ടുവരുന്ന ബില്ലുകളുടെ അത്ര സമഗ്രത ഒരു എംപി മാത്രമിരുന്ന് തയ്യാറാക്കുന്ന സ്വകാര്യ ബില്ലിൽ ഉണ്ടാകില്ല. എംപിമാർക്ക് ഒരു വിഷയം ഉന്നയിക്കാൻ സ്വകാര്യ ബില്ലുകളെ ആശ്രയിക്കാം എന്ന് മാത്രം. അത്തരമൊരു വിഷയം കേന്ദ്രസർക്കാർ കൂടി അംഗീകരിക്കുന്നുണ്ടെങ്കിൽ ഇതിൽ സമഗ്രമായ നിയമനിർമാണം നടത്തുമെന്ന് കേന്ദ്രത്തിന് എംപിമാർക്ക് ഉറപ്പ് നൽകാം. 

കഴിഞ്ഞ സമ്മേളനത്തിൽ ഡിഎംകെ എംപി തിരുച്ചി ശിവ കൊണ്ടുവന്ന ട്രാൻസ്ജെൻഡ‍ർ സ്വകാര്യ ബില്ല് ലോക്സഭ പാസ്സാക്കിയെങ്കിലും രാജ്യസഭ തള്ളിക്കളഞ്ഞിരുന്നു. 

കേന്ദ്രം എന്ത് ചെയ്യും?

ഒരു സ്വകാര്യ ബില്ല് വന്നാൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് കേന്ദ്രസർക്കാരിന് മുന്നിലുള്ളത്: ഒന്ന്, ബില്ല് പിൻവലിക്കാൻ അംഗത്തോട് ആവശ്യപ്പെടാം. സമഗ്രമായ നിയമനിർമാണം നടത്തുമെന്ന് ഉറപ്പ് നൽകാം. അതിനാൽ തൽക്കാലം ഇപ്പോൾ ബില്ല് പിൻവലിച്ചാൽ ഇതേ വിഷയത്തിൽ സമഗ്രമായ, കുറ്റമറ്റ നിയമനിർമാണം നടത്തുമെന്ന് ഉറപ്പ് നൽകാം. അതല്ലെങ്കിൽ, സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ തൽക്കാലം സ‍ർക്കാരിന് ഇടപെടാനാകില്ലെന്ന് കാണിച്ച് എതിർക്കാം. അതല്ലെങ്കിൽ ബില്ല് പാസ്സാക്കുന്നതിനായി വോട്ടെടുപ്പ് ആവശ്യപ്പെടാം. ഇതിലേത് നിലപാടാകും കേന്ദ്രസർക്കാർ സ്വീകരിക്കുക എന്നത് നിർണായകമാണ്. 

ബിജെപി നയം വ്യക്തമാക്കട്ടെ: പ്രേമചന്ദ്രൻ

എന്നാൽ സ്വകാര്യ അംഗങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും നല്ല അവസരവും ജനാധിപത്യ അവകാശവുമാണെന്ന് എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കി. ''കേന്ദ്രസർക്കാരിന്‍റെ ഭാഗത്ത് നിന്ന് ജനങ്ങൾ ഏറ്റവുമധികം ആവശ്യപ്പെടുന്ന ഒരു കാര്യത്തിൽ ഒരു നടപടിയുമുണ്ടാകാത്തതിനാലാണ് ഈ ബില്ല് കൊണ്ടുവന്നത്. ബില്ലവതരണം ആദ്യഘട്ടം മാത്രമാണെന്ന കാര്യം ഞാനും സമ്മതിക്കുന്നു. എന്നാൽ കേരളത്തിൽ അക്രമം അഴിച്ചു വിട്ടുകൊണ്ടുള്ള സമരം നടത്തുകയും നിയമനിർമാണം നടത്തുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുകയും ചെയ്ത ബിജെപി പിന്നീട് അതിൽ ഒരു നടപടിയൊന്നുമെടുത്തിട്ടില്ല'', ബിജെപിക്ക് നയം വ്യക്തമാക്കേണ്ട സമയമാണിതെന്നും, നിലപാടെടുത്തേ മതിയാകൂ എന്നും പ്രേമചന്ദ്രൻ വ്യക്തമാക്കുന്നു. 

ഞങ്ങളുടെ ദില്ലി റീജ്യണൽ ഹെഡ് പ്രശാന്ത് രഘുവംശം വിലയിരുത്തുന്നു:

click me!