പിഎം കെയേഴ്സ് ഫണ്ടിന് സിഎജി ഓഡിറ്റ് ഇല്ല; പ്രതിപക്ഷ ആവശ്യം തള്ളി സ്വതന്ത്ര ഓഡിറ്റര്‍ക്ക് ചുമതല

By Web TeamFirst Published Jun 13, 2020, 2:02 PM IST
Highlights

പിഎം കെയേഴ്സ് ഫണ്ട് സിഎജി ഓഡിറ്റിങ്ങിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് സര്‍ക്കാര്‍ തീരുമാനം. 

ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാനായി രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ടിന് സിഎജി ഓഡിറ്റ് ഇല്ല. സ്വതന്ത്ര ഓഡിറ്ററെ നിയോഗിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ്  അറിയിച്ചു. ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാര്‍ക്ക് അസോസിയേറ്റ്സ് എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് സ്ഥാപനത്തിനാണ് ചുമതല

പിഎം കെയേഴ്സ് ഫണ്ട് സിഎജി ഓഡിറ്റിങ്ങിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് സര്‍ക്കാര്‍ തീരുമാനം. ഏപ്രില്‍ 23 ന് ചേര്‍ന്ന പ്രധാനമന്ത്രി അധ്യക്ഷനായ ട്രസ്റ്റിമാരുടെ യോഗമാണ് സ്വതന്ത്ര ഓഡിറ്ററെ നിയമിച്ചത്. സുനില്‍ കുമാര്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള സാര്‍ക്ക് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന് മൂന്ന് വര്‍ഷത്തേക്കാണ് ഓഡിറ്റിങ് ചുമതല നല്‍കിയിരിക്കുന്നത്.  

ഉന്നത ബിജെപി നേതാക്കളുമായുള്ള അടുപ്പമാണ് ഗുപ്തയ്ക്ക് ചുമതല നല്‍കിയതിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയുടെ ഓഡിറ്റിങ് ചുമതല നല്‍കിയതും  ഈ സ്ഥാപനത്തിനായിരുന്നു. പ്രധാനമന്ത്രിയെക്കൂടാതെ പ്രതിരോധ, ആഭ്യന്തര, ധനകാര്യ മന്ത്രിമാരാണ് പിഎം കെയേഴ്സ് ട്രസ്റ്റ് അംഗങ്ങള്‍. 

പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്‍റ് സെക്രട്ടറി, ഡപ്യൂട്ടി സെക്രട്ടറി എന്നവര്‍ക്കും ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലയുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ പിഎം കെയേഴ്സ് ഫണ്ടില്‍ നിന്ന് 3100 കോടി രൂപ അനുവദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫണ്ടിലേക്ക് എത്തുന്ന സംഭാവനകളുടെ വിശദാംശങ്ങള്‍ പുറത്തുവിടാനാവില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ്  വിവരാവകാശ നിയമപ്രകാരം  മറുപടി നല്‍കിയത്. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി പ്രധാനമന്ത്രിയുടെ ഓഫീസിനോട് നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

click me!