
ദില്ലി: മീ ടൂ ആരോപണം നേരിടുന്ന മുൻ കേന്ദ്ര മന്ത്രിയും നിലവിൽ ബിജെപി എംപിയുമായ എം ജെ അക്‌ബർ മാനനഷ്ട കേസ് കോടതി തള്ളിയ സാഹചര്യത്തിൽ അക്‌ബർ ഇപ്പോഴും രാജ്യസഭാംഗം ആയി തുടരുന്നത് ശരിയാണോ എന്ന് ബിജെപി ആലോചിക്കണം എന്ന് മാധ്യമ പ്രവർത്തക പ്രിയാ രമാണി. മീടൂ ആരോപണമുന്നയിച്ച തനിക്കെതിരെ എം ജെ അക്ബർ നൽകിയ മാനനഷ്ട കേസിലെ വിധി ചരിത്രപരമാണ്. കേസിലെ വിജയം എല്ലാ സ്ത്രീകൾക്കും അവകാശപ്പെട്ടതാണ്. ഈ വിധി ഭാവിയിലും സ്ത്രീകൾക്ക് ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കാൻ കരുത്താകുമെന്നും പ്രിയ രമാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പരാതി ഉന്നയിക്കാൻ വർഷങ്ങൾക്കു ശേഷവും സ്ത്രീകൾക്ക് അവകാശമുണ്ടെന്നും സ്ത്രീകളുടെ അന്തസ്സിന് ഒരാളുടെ കീർത്തിയെക്കാൾ വിലയുണ്ടെന്നും നിരീക്ഷിച്ചാണ് മീ ടൂ ആരോപണം ഉന്നയിച്ച പ്രിയ രമണിക്കെതിരെ എം ജെ അക്ബർ നൽകിയ മാനനഷ്ടകേസ് കോടതി തള്ളിയത്.
1990 കള്‍ മുതല്‍ മാധ്യമരംഗത്തുള്ള പ്രിയാ രമണി 1994 ല്‍ ജോലിക്കായുള്ള ഒരു ഇന്റർവ്യൂവിന് മുംബയിലെ ഹോട്ടൽമുറിയിൽ എത്തിയ തനിക്ക് അക്ബറില്‍ നിന്ന് മോശം അനുഭവം നേരിട്ടെന്നാണ് 2018 ല്‍ വെളിപ്പെടുത്തിയത്. പിന്നാലെ ഇരുപതോളം സ്ത്രീകളും എംജെ. അക്ബറിനെതിരെ ആരോപണം ഉന്നയിച്ചു.
വെളിപ്പെടുത്തലുകൾ വിവാദമായതോടെ എം ജെ അക്ബറിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. പിന്നാലെയാണ് പ്രിയ രമണിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി എം ജെ അക്ബർ കോടതിയെ സമീപിച്ചെങ്കിലും കോടതി ഇത് തള്ളി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam