രാഹുലും പൊലീസും തമ്മിൽ ഉന്തും തള്ളും, പ്രിയങ്കയെയും രാഹുലിനെയും കസ്റ്റഡിയിലെടുത്തു, ദില്ലിയിലേക്ക് മടങ്ങുന്നു

By Web TeamFirst Published Oct 1, 2020, 6:09 PM IST
Highlights

യമുന എക്സ്പ്രസ് വേയിൽ ഗ്രേറ്റർ നോയിഡയിൽ നിന്ന് ഹഥ്റാസിലേക്ക് ഏതാണ്ട് 168 കിലോമീറ്റർ ദൂരമുണ്ട്. പൊലീസ് ഇവരുടെ വാഹനം തടഞ്ഞതോടെ വണ്ടിയിൽ നിന്ന് ഇറങ്ങി ഇരുവരും നടക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. 

ദില്ലി: ഉത്തർപ്രദേശിലെ ഹഥ്റസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും യുപി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ഇരുവരുടെയും വാഹനം ദില്ലി - യുപി അതിർത്തിയിൽ പൊലീസ് തടഞ്ഞതോടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ഉന്തിലും തള്ളിലും രാഹുൽ ഗാന്ധി നിലത്തു വീണു. കോൺഗ്രസ് പ്രവർത്തകരെ ലാത്തിച്ചാർജ് ചെയ്തതോടെ ആകെ സംഘർഷത്തിലേക്ക് നീങ്ങി. ഒടുവിൽ രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്ത് നോയ്‍ഡയിൽ കൊണ്ടുവന്ന് വിട്ടയക്കുകയായിരുന്നു.

ഉച്ചയ്ക്ക് ഒന്നരയോടെ, ദില്ലിയിലെ ഡിഎൻഡി ഫ്ലൈ ഓവറിൽ നിന്ന് യമുന എക്സ്പ്രസ് വേയിലേക്ക് എത്തിയപ്പോഴേക്ക് രാഹുലിന്‍റെയും പ്രിയങ്കയുടെയും വാഹനം ഉത്തർപ്രദേശ് പൊലീസ് എത്തി തടഞ്ഞു. 

തടഞ്ഞാലും യാത്രയിൽ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞ് രാഹുലും പ്രിയങ്കയും വാഹനത്തിൽ നിന്ന് ഇറങ്ങി നടക്കാൻ തുടങ്ങിയതോടെ പൊലീസ് വീണ്ടും എത്തി ഇവരെ തടഞ്ഞു. യമുന എക്സ്പ്രസ് വേയിൽ ഗ്രേറ്റർ നോയിഡയിൽ നിന്ന് ഹഥ്റസിലേക്ക് ഏതാണ്ട് 168 കിലോമീറ്റർ ദൂരമുണ്ട്. ഒടുവിൽ രണ്ടേമുക്കാലോടെ തുടർന്ന് രാഹുലും പൊലീസും തമ്മിൽ രൂക്ഷമായ വാദപ്രതിവാദമുണ്ടായി. പരസ്പരം ഉന്തും തള്ളും നടക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങി. പൊലീസിനെ എതിരിടാൻ തുടങ്ങിയ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. 

അതേസമയം, ഗാന്ധി കുടുംബാംഗങ്ങൾ പെൺകുട്ടിയുടെ വീട്ടിലെത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, ഹഥ്റസ് ജില്ലാ മജിസ്ട്രേറ്റ് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മേഖല പൂർണമായും അടച്ചിടാനും ഡിഎം നിർദേശം നൽകി.

''ഇപ്പോൾ പൊലീസെന്നെ തള്ളിയിട്ടു, ലാത്തി കൊണ്ടടിച്ചു, നിലത്തേക്ക് വലിച്ചെറിഞ്ഞു? ഈ നാട്ടിൽ മോദിക്ക് മാത്രമേ നടക്കാൻ അവകാശമുള്ളൂ? സാധാരണ മനുഷ്യന് നടക്കാനാകില്ലേ? ഞങ്ങളുടെ വാഹനം തടഞ്ഞു. അതിനാലാണ് ഞങ്ങൾ നടക്കാൻ തീരുമാനിച്ചത്'', രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. 

സ്ഥലത്ത് വലിയ പ്രതിഷേധമുയർന്നതോടെ, തൽക്കാലം പൊലീസ് പിൻമാറിയെന്നാണ് സൂചന. പ്രിയങ്കയും രാഹുലും ഹഥ്റസിലേക്കുള്ള യാത്ര തുടരുകയാണ്.  

ദളിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഉത്തർപ്രദേശിലെമ്പാടും പ്രതിഷേധം ഇരമ്പുകയാണ്. പെൺകുട്ടി ഉൾപ്പെട്ട വാൽമീകി സമുദായത്തിന്‍റെ സംഘടനകൾ ഉത്തർപ്രദേശിലെ മൊറാദാബാദ്, സഹാരൺപൂർ, ജലൗൻ, കാസ്ഗഞ്ജ് എന്നീ ജില്ലകളിൽ വലിയ പ്രതിഷേധപ്രകടനങ്ങൾക്കാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. രാജ്യതലസ്ഥാനമായ ദില്ലിയിലും ഇന്ന് വൈകിട്ട് 5 മണിയോടെ വൻപ്രതിഷേധത്തിന് ഒരുങ്ങുകയാണിവർ.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടേതടക്കം ബലാത്സംഗങ്ങൾ ചൂണ്ടിക്കാട്ടി, ഉത്തർപ്രദേശ് സർക്കാരിനോടും മുഖ്യമന്ത്രി ആദിത്യനാഥിനോടും മറുപടി തേടി പ്രിയങ്കാഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഹഥ്റസ് മാത്രമല്ല, അസംഗഢിലെയും ബാഗ്പതിലെയും ബുലന്ദ്ഷഹറിലെയും ബലാത്സംഗക്കേസ് പ്രതികളെ ഉത്തർപ്രദേശ് സർക്കാർ സംരക്ഷിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. യുപി സർക്കാരിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും, കേന്ദ്രസർക്കാർ കേസിൽ ഇടപെടണമെന്നും മായാവതി ആവശ്യപ്പെട്ടു. അഖിലേഷ് യാദവും ഇത് ബിജെപിയുടെ ദുർഭരണത്തിന്‍റെ തെളിവാണെന്ന് ആഞ്ഞടിച്ചു.

എസ്പി പ്രവർത്തകരും ഹഥ്റസിൽ പ്രതിഷേധം നടത്തുകയാണിപ്പോൾ. കേസന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ച യുപി സർക്കാരിന്‍റെ നടപടിയിൽ തൃപ്തിയുണ്ടെന്ന് പെൺകുട്ടിയുടെ അച്ഛൻ പറയുമ്പോഴും സഹോദരൻമാർ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്നു. കേസ് അട്ടിമറിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും അവർ ആവർത്തിക്കുന്നു.

click me!