
ദില്ലി: അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിക്കാൻ സാധ്യത കൂടുന്നു. ഇരുവരുടെയും മത്സരത്തിന് തയാറെടുക്കാന് മണ്ഡലങ്ങളിലെ പ്രവർത്തകർക്ക് കോൺഗ്രസ് നേതൃത്വം നിർദേശം നൽകി. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇരുവരും പത്രിക നൽകിയേക്കും. അതേസമയം, റായ്ബറേലിയിൽ മത്സരിക്കാനില്ലെന്ന് വരുൺ ഗാന്ധി ബിജെപി നേതൃത്വത്തെ അറിയിച്ചു.
വയനാട്ടിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെ അമേഠി, റായ്ബറേലി സീറ്റുകളിലെ ചർച്ച കോൺഗ്രസ് സജീവമാക്കുകയാണ്. പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും മത്സരത്തിന് തയ്യാറായി നില്‍ക്കാനാണ് റായ്ബറേലിയിലേയും അമേഠിയിലേയും പ്രവർത്തകർക്ക് കോൺഗ്രസ് നേതൃത്വം നിർദ്ദേശം നില്‍കിയത്. റായ്ബറേലി സീറ്റിനെ ചൊല്ലി നെഹ്റു കുടുംബത്തിൽ ആശയക്കുഴപ്പം ഉണ്ടെന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു. എന്നാൽ പ്രിയങ്ക ഇവിടെ മത്സരിക്കാനാണ് സാധ്യതയെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. മെയ് 20 ന് അഞ്ചാം ഘട്ടത്തിലാണ് റായ്ബറേലിയിലും അമേഠിയിലും വോട്ടെടുപ്പ്. ഔദ്യോഗിക പ്രഖ്യാപനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് കുറച്ച് ദിവസം കൂടി കാത്തിരിക്കൂവെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മറുപടി.
വയനാട്ടിലെ ജനങ്ങൾ ആവശ്യപ്പെട്ടു രാഹുൽഗാന്ധി മത്സരിച്ചു. ജനങ്ങൾ ആവശ്യപ്പെടുന്നിടത്ത് നേതാവ് പോകുമെന്നും ഖർഗെ പറഞ്ഞു. അദ്വാനി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ എത്രയോ തവണ മണ്ഡലം മാറിയിട്ടുണ്ടെന്നും ഖർഗെ ചൂണ്ടിക്കാട്ടി. അതേസമയം ദേശീയ നേതൃത്വവും മുതിർന്ന നേതാക്കളും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും റായ്ബറേലിയിൽ മത്സരിക്കാനില്ലെന്നാണ് വരുൺ ഗാന്ധി ബിജെപി നേതൃത്വത്തിന് നൽകിയ മറുപടി. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ബിജെപിയും തിരക്കിട്ട ചർച്ചകളിലാണ്. പിലിഭിത്തില്‍ സീറ്റ് നിഷേധിച്ചതിൽ വരുൺ ഗാന്ധി കടുത്ത അതൃപ്തിയിലാണെങ്കിലും പാർട്ടി വിടില്ലെന്നാണ് നിലവില്‍ സൂചന നല്‍കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam