
ദില്ലി: ലഖിംപൂർ ഖേരി സംഭവത്തിന് പിന്നാലെ യുപിയിലെ വാരണാസിയിൽ വൻ ജനാവലിയെ അഭിസംബോധന ചെയ്ത് പ്രിയങ്ക ഗാന്ധി. കർഷകർക്കും സ്ത്രീകൾക്കും യുപിയിൽ നീതി ലഭിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അവർ ലഖ്‌നൗവിൽ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഖിംപൂരിലെത്താൻ കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തി. യുപി സർക്കാരിനും കേന്ദ്രസർക്കാരിനുമെതിരെ അതിരൂക്ഷ വിമർശനമാണ് പ്രിയങ്ക ഉന്നയിച്ചത്.
കോവിഡ് കാലത്ത് യുപി സർക്കാർ ദരിദ്രരെ കയ്യൊഴിഞ്ഞുവെന്ന് അവർ പറഞ്ഞു. ഹാത്രാസ് കേസിലും നീതി നടപ്പിലായില്ല. ഇരകളുടെ കുടുംബത്തിന് വേണ്ടത് പണം അല്ല നീതിയാണെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. രാജ്യത്ത് തൊഴിലില്ല, ഇന്ധന വില ഇരട്ടിയായി. ഈ പ്രശ്നങ്ങൾക്കൊന്നുമെതിരെ ഇനിയും നിശബ്ദരായി ഇരിക്കാൻ പാടില്ല. ജയിലിൽ അടച്ചാലും ഭീഷണിപ്പെടുത്തിയാലും നിശ്ശബ്ദരാക്കാൻ സാധിക്കില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.
16,000 കോടി രൂപയ്ക്ക് വിദേശത്ത് നിന്ന് രണ്ട് വിമാനം വാങ്ങിയ നരേന്ദ്ര മോദി വെറും 18000 കോടി രൂപയ്ക്ക് നാടിന്റെ എയർ ഇന്ത്യ പണക്കാരായ സുഹൃത്തുക്കൾക്ക് വിറ്റു. രാജ്യത്ത് രണ്ട് കൂട്ടർ മാത്രമാണ് സുരക്ഷിതർ. അധികാരത്തിലുള്ള ബിജെപി നേതാക്കളും, അവരുടെ പണക്കാരായ സുഹൃത്തുക്കളും മാത്രമാണതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam