പ്രിയങ്കാ ഗാന്ധിക്കെതിരെ സിആര്‍പിഎഫ്; സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് വിശദീകരണം

By Web TeamFirst Published Dec 30, 2019, 12:57 PM IST
Highlights
  • ലക്നൗവിലെത്തിയ തന്നെ പൊലീസ് മർദ്ദിച്ചുവെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണം തള്ളി ലക്നൗ പൊലീസ് നേരത്തെ രംഗത്തെത്തിയിരുന്നു
  • പൊലീസ് നിയന്ത്രണം വകവയക്കാതെ ഒരു പ്രവര്‍ത്തകന്‍റെ സ്കൂട്ടറില്‍ പോയ പ്രിയങ്കയെ വഴിയില്‍ തടഞ്ഞു മര്‍ദ്ദിച്ചെന്നാണ് പരാതി

ദില്ലി: പ്രിയങ്കാ ഗാന്ധിയെ പൊലീസ് കൈയ്യേറ്റം ചെയ്തെന്ന വിവാദത്തിൽ വിശദീകരണവുമായി സുരക്ഷാ ചുമതലയുള്ള സിആര്‍പിഎഫ്. സുരക്ഷയില്ലാതെ മോട്ടോർ ബൈക്കിൽ പ്രിയങ്ക സ്വയം യാത്ര ചെയ്യുകയായിരുന്നുവെന്നാണ് സിആര്‍പിഎഫ് വിശദീകരിച്ചത്. ലക്‌നൗവിലെ പരിപാടിയെ കുറിച്ചുള്ള വിവരങ്ങൾ പ്രിയങ്ക ഗാന്ധി നേരത്തെ നൽകിയില്ലെന്നും അവര്‍ വിശദീകരിച്ചു.

ലക്നൗവിലെത്തിയ തന്നെ പൊലീസ് മർദ്ദിച്ചുവെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണം തള്ളി ലക്നൗ പൊലീസ് നേരത്തെ രംഗത്തെത്തിയിരുന്നു. പൊലീസ് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും മർദ്ദിച്ചെന്ന ആരോപണം തെറ്റാണെന്നും ലക്നൗ സർക്കിൾ ഓഫീസർ ഡോക്ടർ അർച്ചന സിംഗ് വിശദീകരിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ റാലിയില്‍ പങ്കെടുത്ത ശേഷം നേരത്തെ അറസ്റ്റിലായ രണ്ട് പേരുടെ കുടുംബാംഗങ്ങളെ കാണാന്‍ ശ്രമിച്ചപ്പോഴായിരുന്നു പോലീസ് അതിക്രമമെമന്നാണ് പ്രിയങ്ക ഗാന്ധി പരാതിപ്പെട്ടത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തേക്ക് പോകാന്‍ അനവദിക്കില്ലെന്നറിയിച്ച് പോലീസ് പ്രിയങ്കയുടെ വാഹനം തടയുകയായിരുന്നു. നിയന്ത്രണം വകവയക്കാതെ ഒരു പ്രവര്‍ത്തകന്‍റെ സ്കൂട്ടറില്‍ പോയ പ്രിയങ്കയെ വഴിയില്‍ തടഞ്ഞു മര്‍ദ്ദിച്ചെന്നാണ് പരാതി. 

click me!