പ്രിയങ്കാ ഗാന്ധി രാജ്യസഭയിലേക്കോ?; കോണ്‍ഗ്രസില്‍ ചര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Feb 16, 2020, 6:29 PM IST
Highlights

ഛത്തീസ്ഗഡില്‍ നിന്ന് പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഛത്തീസ്ഗഡ് കോണ്‍ഗ്രസ് പ്രിയങ്കക്ക് രാജ്യസഭ സീറ്റ് നല്‍കാന്‍ തയാറാണെന്ന് അറിയിച്ചു. 

ദില്ലി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ രാജ്യസഭയിലക്കയക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സമീപ മാസങ്ങളില്‍ ഒഴിവു വരുന്ന സ്ഥാനത്തേക്കാണ് പ്രിയങ്കയെ കൊണ്ടുവരാന്‍ നീക്കം. മുതിര്‍ന്ന നേതാക്കളും രാജ്യസഭ അംഗങ്ങളുമായ അംബിക സോണി, ഗുലാം നബി ആസാദ്, ദിഗ്‌വിജയ് സിങ് എന്നിവരുടെ രാജ്യസഭയിലെ കാലാവധി അവസാനിക്കാറായിരിക്കുകയാണ്. ഇവര്‍ക്ക് പകരം പുതിയ അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കാനുള്ള ആലോചനകളാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക് അയക്കണമെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഛത്തീസ്ഗഡില്‍ നിന്ന് പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഛത്തീസ്ഗഡ് കോണ്‍ഗ്രസ് പ്രിയങ്കക്ക് രാജ്യസഭ സീറ്റ് നല്‍കാന്‍ തയാറാണെന്ന് അറിയിച്ചു. അതേസമയം, കോണ്‍ഗ്രസ് ഔദ്യോഗിക വൃത്തങ്ങള്‍ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. 2019ല്‍ വാരാണസിയില്‍ നിന്ന് മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹത്തിന് തുല്യമാണിതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. എന്നാല്‍,  സാധ്യത തള്ളിക്കളയുന്നുമില്ല. 

ഗുലാം നബി ആസാദിനെ വീണ്ടും രാജ്യസഭയില്‍ നിലനിര്‍ത്താനും സാധ്യത കാണുന്നു. ജ്യോതിരാദിത്യ സിന്ധ്യ, കരുണ ശുക്ല, രണ്‍ദീപ് സിംഗ് സുര്‍ജേവാലെ , ഭൂപീന്ദേര്‍ സിംഗ് ഹൂഡ എന്നിവരെയും രാജ്യസഭയിലേക്കയക്കാന്‍ ആലോചനയുണ്ട്. പ്രിയങ്കാ ഗാന്ധിയുടെ സഹോദരന്‍ രാഹുല്‍ ഗാന്ധി, അമ്മ സോണിയാ ഗാന്ധി എന്നിവര്‍ ലോക്സഭ എംപിമാരാണ്. അതുകൊണ്ട് തന്നെ പ്രിയങ്കാ ഗാന്ധിയെക്കൂടി എംപിയാക്കുന്നത് കൂടുതല്‍ വിമര്‍ശനത്തിനിടയാക്കുമെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്.

ദില്ലി നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം പാര്‍ട്ടി പുന: സംഘടനക്ക് ഒരുങ്ങുന്നതായും സൂചനയുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജിവെച്ചതിന് ശേഷം പാര്‍ട്ടിക്ക് സ്ഥിരം അധ്യക്ഷനായിട്ടില്ല. ഇടക്കാല അധ്യക്ഷയായ സോണിയ ഗാന്ധിയാണ് പാര്‍ട്ടിയെ നയിക്കുന്നത്. 

click me!