ജാമിയയിലെ പൊലീസ് നടപടി: ഇന്ത്യാ ഗേറ്റിൽ പ്രക്ഷോഭം നയിച്ച് പ്രിയങ്ക, രാഹുൽ ഇല്ല

By Web TeamFirst Published Dec 16, 2019, 6:22 PM IST
Highlights

സംയുക്തപ്രതിപക്ഷത്തിന്‍റെ ഭാഗമായി കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ജാമിയ മിലിയ ഇസ്ലാമിയക്ക് അകത്ത് കയറി പൊലീസ് അതിക്രമം കാട്ടിയതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ദില്ലി: ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ത്യാഗേറ്റിന് മുന്നിൽ പ്രതിഷേധം നയിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പ്രതിഷേധത്തിന് സാമൂഹ്യമാധ്യമങ്ങളിലൂടെ പിന്തുണ അറിയിച്ചെങ്കിലും രാഹുൽ ഗാന്ധി എത്തിയില്ല.

രണ്ട് മണിക്കൂർ നേരത്തെ നിശ്ശബ്ദ പ്രതിഷേധത്തിന് ശേഷം പ്രിയങ്കാ ഗാന്ധി മാധ്യമങ്ങളെ കണ്ടു. ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കൊപ്പം അണിനിരക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.

LIVE: Smt. leads Congress protest at India Gate against violence on students. https://t.co/hut1zYEtYV

— Congress (@INCIndia)

ജാമിയയിലെ പൊലീസ് അതിക്രമം ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവാണെന്ന് പ്രിയങ്ക പറഞ്ഞു. യുവാക്കൾ രാജ്യത്തിന്‍റെ ആത്മാവാണ്. അവർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്. അതിനെ ഹനിക്കാൻ ആർക്കും കഴിയില്ല എന്ന് പ്രിയങ്ക വ്യക്തമാക്കി. 

പൗരത്വ നിയമഭേദഗതിയ്ക്ക് എതിരെ നടത്തിയ പ്രതിഷേധത്തിനിടെ വലിയ അക്രമ സംഭവങ്ങളാണ് ഞായറാഴ്ച രാത്രിയിൽ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ അരങ്ങേറിയത്. ലൈബ്രറിയിലിരുന്ന വിദ്യാർത്ഥികൾക്ക് നേരെ അടക്കം കണ്ണീർ വാതകഷെല്ലുകൾ എറിഞ്ഞ് പൊലീസ് വളഞ്ഞിട്ട് തല്ലി. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സർവകലാശാലയ്ക്ക് അകത്തേക്ക് കയറിയ ചില പുറത്തു നിന്നുള്ളവരെ പിടികൂടാനാണ് സർവകലാശാലയ്ക്ക് അകത്തേക്ക് കയറിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനെതിരെ ഇന്ന് രാജ്യമെങ്ങും പ്രതിഷേധം ആളിക്കത്തി. രാജ്യത്തെ പ്രമുഖ ക്യാമ്പസുകളെല്ലാം ജാമിയക്കൊപ്പം പിന്തുണയുമായി തെരുവുകളിലിറങ്ങി. പ്രതിഷേധം ആളി. 

ഞായറാഴ്ച ജാമിയയിൽ പൊലീസ് നടപടിയുണ്ടായതിന് പിന്നാലെ ജെഎൻയു അടക്കമുള്ള സർവകലാശാലയിലെ വിദ്യാർത്ഥികൾ ഒന്നടങ്കം ദില്ലി പൊലീസ് ആസ്ഥാനത്തേക്ക് ഒഴുകിയെത്തിയിരുന്നു. നിരവധി പ്രതിപക്ഷ നേതാക്കളും രാത്രി തന്നെ ഈ പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി എത്തി. തിങ്കളാഴ്ച പുലർച്ചെ ജാമിയയിൽ നിന്ന് കസ്റ്റഡിയിലെടുക്കപ്പെട്ട എല്ലാ വിദ്യാർത്ഥികളെയും വിട്ടയച്ചെന്നും അക്രമത്തിൽ വിദ്യാർത്ഥികൾ മരിച്ചെന്ന പ്രചാരണം തെറ്റാണെന്നും പൊലീസ് വ്യക്തമാക്കിയ ശേഷമാണ് വിദ്യാർത്ഥികൾ മടങ്ങിയത്.

ഇതിന്‍റെ ഭാഗമായാണ് കോൺഗ്രസ് തിങ്കളാഴ്ച വൈകിട്ട് പ്രതിഷേധം പ്രഖ്യാപിച്ചത്. ഇന്ത്യാഗേറ്റിന് മുന്നിൽ മുന്നൂറോളം പാർട്ടി പ്രവർത്തകരോടൊപ്പമാണ് പ്രിയങ്കാ ഗാന്ധി പ്രതിഷേധിക്കാൻ എത്തിയത്. മുൻ പ്രതിരോധമന്ത്രി എ കെ ആന്‍റണി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ പ്രിയങ്കയ്ക്ക് ഒപ്പമുണ്ട്. പ്രദേശത്ത് കടുത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യാഗേറ്റ് പൊലീസ് വളഞ്ഞിട്ടുണ്ട്. ഇതിന് സമീപത്തുള്ള എല്ലാ മെട്രോ സ്റ്റേഷനുകളും കൂടുതൽ വിദ്യാർത്ഥികൾ എത്താതിരിക്കാൻ പൊലീസ് അടച്ചിട്ടു. 

പ്രതിപക്ഷത്തിന്‍റെ നേതാക്കൾ സംയുക്തമായി രാഷ്ട്രപതിയെ കാണാനൊരുങ്ങുകയാണ്. കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, കപിൽ സിബൽ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ലോക്സ താന്ത്രിക് ജനതാദൾ അധ്യക്ഷൻ ശരദ് യാദവ് എന്നിവർ നാളെ വൈകിട്ട് നാലരയ്ക്കാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണുക.

click me!