'രാജ്യം നിങ്ങളുടെ കൂടെയുണ്ട്'; സമരത്തിനിടെ മരിച്ച കര്‍ഷകന്റെ വീട് സന്ദര്‍ശിച്ച് പ്രിയങ്കാ ഗാന്ധി

By Web TeamFirst Published Feb 4, 2021, 6:10 PM IST
Highlights

ഉത്തര്‍രപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവടക്കമുള്ള മുതിര്‍ന്ന നേതാക്കളോടൊപ്പമാണ് പ്രിയങ്ക നവരീതിന്റെ വീട്ടിലെത്തിയത്. എസ്പി, ആര്‍എല്‍ഡി നേതാക്കളും കര്‍ഷകന്റെ വീട്ടിലെത്തിയിരുന്നു.
 

ലഖ്‌നൗ: സമരത്തിനിടെ മരിച്ച കര്‍ഷകന്റെ വീട് സന്ദര്‍ശിച്ച് പ്രിയങ്കാ ഗാന്ധി വദ്ര. റിപ്പബ്ലിക് ദിനത്തില്‍ നടന്ന പ്രക്ഷോഭത്തിനിടെ മരിച്ച നവരീത് സിംഗിന്റെ വീട്ടിലാണ് പ്രിയങ്ക എത്തിയത്. ഉത്തര്‍പ്രദേശിലെ റാംപുരില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിലും പ്രിയങ്ക പങ്കെടുത്തു. 'നവരീതിന് 25 വയസ്സ് മാത്രമാണ് പ്രായം. എന്റെ മകന് 20 വയസ്സായി. നിങ്ങള്‍ ഒറ്റക്കല്ലെന്ന് ഈ കുടുംബത്തോട് എനിക്ക് പറയേണ്ടതുണ്ട്. രാജ്യം നിങ്ങളുടെ കൂടെയുണ്ട്'- പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ഉത്തര്‍രപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവടക്കമുള്ള മുതിര്‍ന്ന നേതാക്കളോടൊപ്പമാണ് പ്രിയങ്ക നവരീതിന്റെ വീട്ടിലെത്തിയത്. എസ്പി, ആര്‍എല്‍ഡി നേതാക്കളും കര്‍ഷകന്റെ വീട്ടിലെത്തിയിരുന്നു. ജനുവരി 26ന് നടന്ന ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അപകടത്തിലാണ് നവരീത് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, അപകടത്തിന് മുമ്പേ നവരീതിന് വെടിയേറ്റിരുന്നെന്ന് കുടുംബം ആരോപിച്ചിരുന്നു.

പ്രിയങ്ക കുടുംബത്തെ സന്ദര്‍ശിക്കുന്ന ചിത്രങ്ങളും വീഡിയോയും കോണ്‍ഗ്രസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. പ്രിയങ്കയുടെ സന്ദര്‍ശനം നാടകമാണെന്ന് യുപി മന്ത്രി മൊഹ്‌സിന്‍ റാസ പറഞ്ഞു. നേരത്തെ രാംപുരിലേക്കുള്ള സന്ദര്‍ശനത്തിനിടെ പ്രിയങ്കയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടിരുന്നു.
 

click me!