
ദില്ലി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചിട്ട് മൂന്ന് വർഷം തികയുമ്പോൾ നരേന്ദ്രമോദി സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സമ്പദ്‌വ്യവസ്ഥയെ തകർത്ത ആപത്താണ് നോട്ട് നിരോധനമെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചു.
'നോട്ട് നിരോധനം കൊണ്ടുവന്നിട്ട് മുന്ന് വർഷമായി. രാജ്യത്തെ അനീതികളെ ഇല്ലാതാക്കിയ നടപടി എന്ന സര്‍ക്കാരിന്റെ വാദം അവരെ തന്നെ തിരിച്ചടിക്കുകയാണ്. അത് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ തകർത്ത ആപത്താണെന്ന് തെളിയിച്ചുകഴിഞ്ഞു'- പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരെങ്കിലും തയ്യാറാണോ എന്നും പ്രിയങ്ക ട്വീറ്റിലൂടെ ചോദിക്കുന്നു.
‘DeMonetisationDisaster’ എന്ന ഹാഷ് ടാഗോടെയാണ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്. 2016 നവംബര്‍ 8 നാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്.