
ദില്ലി: ഹത്റാസിലെ ഇരുപത് വയസ്സുള്ള യുവതിയുടെ കൊലപാതകത്തില്‍ രാജ്യമെങ്ങും പ്രതിഷേധം തുടരുന്നു. പെണ്‍കുട്ടിക്ക് നീതി ഉറപ്പാകും വരെ പ്രതിഷേധം തുടരുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കോൺഗ്രസിനൊപ്പം ആം ആദ്മി പാർട്ടിയും പൊലീസ് വിലക്കിനെതിരെ പ്രതിഷേധവുമായി എത്തി. ഹത്രാസിൽ പ്രതികളെ അനുകൂലിച്ചും പ്രകടനം നടന്നു. സംഭവം രാഷ്ട്രീയം വിഷയമാക്കുന്നതിന് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സവർണ്ണ പരിഷത്താണ് പ്രതിഷേധിച്ചത്. ഗ്രാമത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച പൊലീസ് രണ്ട് കിലോമീറ്റർ ആകലെ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും തടയുകയാണ്.
അടുത്ത കാലത്ത് കോൺഗ്രസിന് ദേശീയതലത്തിൽ ഉയർത്താൻ കഴിഞ്ഞ ഏറ്റവും ശക്തമായ പ്രതിഷേധമാണ് ഹത്രാസ് വിഷയത്തിൽ കാണുന്നത്. ഇന്നലെ യമുന എക്സ്പ്രസ്വേയിലെങ്കിൽ ഇന്ന് ദില്ലിയിൽ ഗാന്ധിജിയുടെ സമരങ്ങൾ കണ്ട വാൽമീകി മന്ദിറിലായിരുന്നു പ്രതിഷേധം. പെൺകുട്ടിക്ക് നീതി കിട്ടും വരെ പ്രതിഷേധം തുടരുമെന്ന് വാൽമീക് മന്ദിറിലെ പ്രാർത്ഥനയിൽ പങ്കെടുത്ത പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. അതേസമയം, ജന്തർമന്തറിൽ നടി സ്വരഭാസ്ക്കറിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു.
കോൺഗ്രസ് സമരം തെരുവിലേക്കിറങ്ങാൻ അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാർട്ടിയേയും മായാവതിയുടെ ബിഎസ്പിയേയും പ്രേരിപ്പിച്ചു. ഉത്തർപ്രദേശ് സർക്കാരിനെ പിരിച്ചു വിടണം എന്ന് മായാവതി ആവശ്യപ്പെട്ടു. അലഹബാദ് ഹൈക്കോടതി കൂടി ഇടപെട്ടതോടെ ദേശീയതലത്തിലേറ്റ തിരിച്ചടി മറികടക്കാൻ യോഗി ആദിത്യനാ്ഥ് നീക്കം തുടങ്ങി. അമ്മമാരെയും സഹോദരിമാരെയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഭാവിയിൽ മാതൃകയാകുന്ന ശക്തമാകുന്ന നടപടി എടുക്കുമെന്നും ആദിത്യനാഥ് ഉറപ്പ് നല്‍കി. കോൺഗ്രസ് സമരം കാപട്യമെന്ന് ബിജെപി ആരോപിച്ചു. ബീഹാർ തെരഞ്ഞെടുപ്പ് കൂടി നടക്കവെ ജനരോഷം കണ്ടില്ലെന്ന് വയ്ക്കാൻ ബിജെപിക്ക് കഴിയാത്ത നിലയാണ്. യുപി പൊലീസിന്‍റെ പെരുമാറ്റം വീണ്ടും ദേശീയശ്രദ്ധയിൽ കൊണ്ടുവരാനും സംഭവം ഇടയാക്കിയിരിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam