സര്‍ക്കാര്‍ ഭീരുക്കള്‍;പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് പിന്തുണയുമായി പ്രിയങ്ക

By Web TeamFirst Published Dec 16, 2019, 10:07 AM IST
Highlights

''സർക്കാർ മുന്നോട്ട് വന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട സമയമാണിത്. എന്നാൽ വടക്കുകിഴക്കൻ ഉത്തർപ്രദേശ്, ദില്ലി എന്നിവിടങ്ങളിൽ വിദ്യാർത്ഥികളെയും മാധ്യമപ്രവർത്തകരെയും അടിച്ചൊതുക്കുകയാണ്. ഭീരുവായ സർക്കാരാണിത്.'' പ്രിയങ്ക ​ഗാന്ധി ട്വീറ്റ് ചെയ്യുന്നു.

ദില്ലി: ദില്ലിയിലെ ജാമിയ മിലിയ ഇസ് ലാമിയ സർവ്വകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ അക്രമത്തിൽ രൂക്ഷഭാഷയിൽ പ്രതികരിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. സർക്കാർ ഭീരുക്കളാണ് എന്നായിരുന്നു പ്രിയങ്ക ​ഗാന്ധിയുടെ പ്രതികരണം. പൗരത്വ ഭേദ​ഗതി നിയമത്തിന് എതിരായ പ്രതിഷേധം നടത്തിയ ജാമിയ മിലിയ ഇസ് ലാമിയ സർവ്വകലാശാലയിലാണ് പൊലീസ് കടന്നുകയറിയത്. രാജ്യത്തെ പല സർവ്വകലാശാലകളിലും ഇതിനെത്തുടർന്ന് പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.

''പൊലീസ് സർവ്വകലാശാലയിൽ പ്രവേശിച്ച് വിദ്യാർത്ഥികളെ അക്രമിക്കുകയായിരുന്നു. സർക്കാർ മുന്നോട്ട് വന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട സമയമാണിത്. എന്നാൽ വടക്കുകിഴക്കൻ ഉത്തർപ്രദേശ്, ദില്ലി എന്നിവിടങ്ങളിൽ വിദ്യാർത്ഥികളെയും മാധ്യമപ്രവർത്തകരെയും അടിച്ചൊതുക്കുകയാണ്. ഭീരുവായ സർക്കാരാണിത്.'' പ്രിയങ്ക ​ഗാന്ധി ട്വീറ്റ് ചെയ്യുന്നു.

യുവജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താൻ‌ സർക്കാരിന് സാധിക്കുകയില്ലെന്നും പ്രിയങ്ക ​ഗാന്ധി പ്രധാനമന്ത്രി മോദിക്ക് താക്കീത് നൽകി. ''പൊതുജനങ്ങളുടെ ശബ്ദം ഉയരുമ്പോൾ ഈ സർക്കാരിന് പേടിയുണ്ട്. അതുകൊണ്ട് തങ്ങളുടെ സ്വേച്ഛാധിപത്യ അധികാരം ഉപയോ​ഗിച്ച് അവരതിനെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്.'' പ്രിയങ്ക ​ഗാന്ധി കൂട്ടിച്ചേർത്തു. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർവകലാശാലയിൽ നിന്ന് തുടങ്ങിയ മാർച്ച് ഗേറ്റിനകത്ത് വച്ച് തന്നെ പൊലീസ് തട‌ഞ്ഞതോടെ പ്രക്ഷോഭം അണപൊട്ടിയിരുന്നു. വെള്ളിയാഴ്ച ജാമിയ മിലിയ ഇസ് ലാമിയ അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി. പൊലീസും വിദ്യാർത്ഥികളും ഏറ്റുമുട്ടി. നൂറ് കണക്കിന് വിദ്യാർത്ഥികൾ കസ്റ്റഡിയിലായി. ജാമിയ ടീച്ചേഴ്സ് അസോസിയേഷനും (ജെടിഎ) വിദ്യാർത്ഥികളും ചേർന്നാണ് ദേശീയ പൗരത്വ റജിസ്റ്ററിനും പൗരത്വ നിയമഭേദഗതിക്കും എതിരെ സംയുക്തപ്രക്ഷോഭം സംഘടിപ്പിച്ചത്.

ജാമിയ സ്റ്റേഡിയത്തിന് അടുത്ത് സ്ഥാപിച്ച പൊലീസ് ബാരിക്കേഡ് മറികടക്കാൻ വിദ്യാർത്ഥികൾ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാർജ് തുടങ്ങി. പിന്നാലെ വിദ്യാർത്ഥികൾ കല്ലെറിഞ്ഞു. ഇതിന് പിന്നാലെ കണ്ണീർ വാതകഷെല്ലുകളും തുടർച്ചയായി പൊലീസ് പ്രയോഗിച്ചു. പൊലീസ് ഗേറ്റിനടുത്തുള്ള ബാരിക്കേഡിനപ്പുറത്ത് നിന്നാണ് കണ്ണീർ വാതക ഷെല്ലുകളെറിഞ്ഞത്.

click me!