ദില്ലി: കേന്ദ്രസർക്കാർ എസ്‍പിജി സുരക്ഷ എടുത്തുകളഞ്ഞതിനെത്തുടർന്ന് ദില്ലി ലോധി എസ്റ്റേറ്റിലെ സർക്കാർ വസതി പ്രിയങ്കാ ഗാന്ധി ഒഴിഞ്ഞു. കേന്ദ്രസർക്കാർ ഒഴിയാൻ നിർദേശിച്ച ദിവസത്തിന് മുമ്പേയാണ് പ്രിയങ്ക വീടൊഴിഞ്ഞത്. വിവാഹശേഷം പ്രിയങ്കയും ഭർത്താവ് റോബർട്ട് വദ്രയും ഇവിടേക്കാണ് താമസം മാറിയത്. പ്രിയങ്കയുടെ രണ്ട് മക്കളും ജനിച്ചത് ഇവിടെയാണ്. ഈ വസതിയിലേക്ക് പുതുതായി താമസം മാറിയെത്തുന്നത് ബിജെപി എംപി അനിൽ ബലൂനിയാണ്.
ഈ വീട്ടിലേക്ക് പുതുതായി താമസിക്കാനെത്തുന്ന എംപി ബലൂനിയ്ക്ക് എല്ലാ ആശംസകളും ട്വിറ്ററിലൂടെ നേർന്ന പ്രിയങ്കാഗാന്ധി, ഒരു ദിവസം തന്‍റെ പുതിയ വീട്ടിലേക്ക് ചായ കുടിക്കാൻ വരണമെന്നും ക്ഷണിച്ചിരുന്നു. അതേസമയം, തീർച്ചയായും കുടുംബത്തോടൊപ്പം താനെത്താമെന്നും, പക്ഷേ ഇപ്പോൾ താൻ ക്യാൻസർ ചികിത്സ കഴിഞ്ഞ് വിശ്രമത്തിലാണെന്നും, ഒരു ദിവസം പ്രിയങ്കയ്ക്ക് ഉത്തരാഖണ്ഡിലെ പ്രത്യേക ഭക്ഷണവുമായി വിരുന്നൊരുക്കാമെന്നും അനിൽ ബലൂനി മറുപടി നൽകുകയും ചെയ്തു.
ലോധി എസ്റ്റേറ്റിലെ പ്രിയങ്ക താമസിച്ചിരുന്ന വസതി എസ്പിജി സുരക്ഷയുള്ളവരെ സംബന്ധിച്ച് വലിയൊരു വീടായിരുന്നില്ല. പക്ഷേ, ലോധി എസ്റ്റേറ്റ് എന്ന സ്ഥലം ദില്ലിയിലെ കണ്ണായ പ്രദേശങ്ങളിലൊന്നാണ്.
ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്ക് എസ്‍പിജി സുരക്ഷ പിൻവലിച്ചതിനെത്തുടർന്ന് ജൂലൈ ഒന്നാം തീയതിയാണ് നഗരവികസനമന്ത്രാലയം പ്രിയങ്കാഗാന്ധിയോട് ഈ വസതി ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഓഗസ്റ്റ് ഒന്നാം തീയതിയ്ക്കകം ഒഴിയണം എന്നായിരുന്നു ആവശ്യം. അതനുസരിച്ചാണ് ഓഗസ്റ്റ് 1-ന് മുമ്പ് വസതി പ്രിയങ്ക ഒഴിയുന്നത്. എന്നാലിപ്പോഴും Z+ കാറ്റഗറി സുരക്ഷ പ്രിയങ്കയ്ക്കുണ്ട്.
ഗുരുഗ്രാമിലെ താൽക്കാലികഫ്ലാറ്റിലേക്കാണ് പ്രിയങ്കയും കുടുംബവും താമസം മാറുന്നത്. ഡിഎൽഎഫ് അരാലിയ, സെക്ടർ 42, ഗുരുഗ്രാം, ഹരിയാന - എന്നതാണ് പ്രിയങ്കയുടെ പുതിയ മേൽവിലാസം. എന്നാൽ ഇവിടത്തെ താമസം താൽക്കാലികം മാത്രമാകുമെന്നും, ദില്ലിയിലെ മറ്റൊരു വാടകഫ്ലാറ്റിലേക്ക് പ്രിയങ്ക മാറുമെന്നുമാണ് വിവരം. മധ്യദില്ലിയിലാകും പ്രിയങ്കയുടെ പുതിയ വീട്. ഇവിടെ വീട് മോടിപിടിപ്പിക്കൽ നടന്നുവരികയാണെന്നാണ് വിവരം. അതോടൊപ്പം ലഖ്‍നൗവിൽ യുപിയിലെ പ്രവർത്തനങ്ങൾക്കായി വരുമ്പോൾ പ്രിയങ്കയ്ക്ക് താമസിക്കാനുള്ള വീടും തയ്യാറാക്കി വരികയാണ്. പ്രിയങ്കയുടെ ബന്ധുവിന്‍റെ വീടാണിത്.
നേരത്തേ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, മറ്റൊരു കോൺഗ്രസ് എംപിക്ക് തന്നെ ഈ വീട് അനുവദിക്കണമെന്ന് ഒരു കോൺഗ്രസ് നേതാവ് തന്നെ വിളിച്ച് ആവശ്യപ്പെട്ടതായി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത് വിവാദമുയർത്തിയിരുന്നു. പ്രിയങ്കാ ഗാന്ധിക്ക് ഇവിടെ താമസം തുടരാൻ വേണ്ടി ഒരു കോൺഗ്രസ് എംപിക്ക് തന്നെ വീട് നൽകണമെന്നാണ് ''സ്വാധീനമുള്ള ഒരു കോൺഗ്രസ് നേതാവ്'' തന്നെ വിളിച്ച് ആവശ്യപ്പെട്ടത് എന്നാണ് ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയത്.
ഇതിന് ശക്തമായ ഭാഷയിൽ മറുപടി നൽകിയ പ്രിയങ്കാ ഗാന്ധി, കേന്ദ്രം നിശ്ചയിച്ച ദിവസത്തിന് മുമ്പേ വീടൊഴിയുമെന്നും വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam