Priyanka Gandhi: മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു; പ്രിയങ്കയുടെ പരാതി ഐടി മന്ത്രാലയം പരിശോധിക്കും

By Web TeamFirst Published Dec 22, 2021, 10:35 AM IST
Highlights

യോ​ഗി ആദിത്യനാഥ് സർക്കാർ തന്റെ ഫോണുകൾ നിരന്തരം ചോര്‍ത്തുകയാണെന്ന് പ്രിയങ്കാ ഗാന്ധി ഇന്നലെ ആരോപിച്ചിരുന്നു. മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും ഹാക്ക് ചെയ്തു. യോഗി സര്‍ക്കാര്‍ എന്തിനാണ് ഇത്രയും ഭയക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു. 

ദില്ലി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ (Uttarpradesh) തന്‍റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് (Instagram) ഹാക്ക് ചെയ്തെന്ന പ്രിയങ്കാ ​ഗാന്ധിയുടെ (Priyanka Gandhi) പരാതി ഐടി മന്ത്രാലയം (IT Ministry) പരിശോധിക്കും. അതേസമയം,  പ്രിയങ്ക ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് ഇൻസ്റ്റഗ്രാം അറിയിച്ചു.

യോ​ഗി ആദിത്യനാഥ് സർക്കാർ തന്റെ ഫോണുകൾ നിരന്തരം ചോര്‍ത്തുകയാണെന്ന് പ്രിയങ്കാ ഗാന്ധി ഇന്നലെ ആരോപിച്ചിരുന്നു. മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും ഹാക്ക് ചെയ്തു. യോഗി സര്‍ക്കാര്‍ എന്തിനാണ് ഇത്രയും ഭയക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു. 

തന്‍റെയും സഹപ്രവര്‍ത്തകരുടെയും ഫോണുകള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന ആക്ഷേപവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തിയിരുന്നു. ചോര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ എല്ലാ ദിവസവും വൈകുന്നേരം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേള്‍ക്കുന്നുണ്ടെന്നും അഖിലേഷ് യാദവ് ആരോപിച്ചിരുന്നു.

ചർച്ച വഴിതിരിച്ച് വിടാൻ മാധ്യമങ്ങൾ ശ്രമിക്കരുതെന്ന് രാഹുൽ

കേന്ദ്രസർക്കാരിനെതിരെ ആരോപണങ്ങളുയരുമ്പോൾ ചർച്ച വഴിതിരിച്ച് വിടാൻ മാധ്യമങ്ങൾ ശ്രമിക്കരുതെന്ന് രാഹുൽ ഗാന്ധി ഇന്നലെ പറഞ്ഞു. ലഖീംപൂർ ഖേരി സംഭവത്തിൽ അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാർലമൻറിലെ പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പ്രതിഷേധ മാർച്ചിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  വാർത്താ സമ്മേളനത്തിനിടെ ആൾക്കൂട്ട ആക്രമണത്തെ കുറിച്ചുള്ള രാഹുൽഗാന്ധിയുടെ ട്വീറ്റുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമപ്രവർത്തനോട് സർക്കാരിന് വേണ്ടി ജോലി ചെയ്യരുത് എന്ന് രാഹുൽ  പറഞ്ഞു.

കേന്ദ്ര ഭരണപ്രദേശമാക്കിയ ശേഷം ലഡാക്കിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പാര്‍ലമെന്‍റിൽ ചര്‍ച്ച ചെയ്യാൻ സര്‍ക്കാര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും രാഹുൽ ഗാന്ധി അറിയിച്ചു. ലഡാക്ക് വിഷയത്തിൽ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചയാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു.


 

click me!