
ദില്ലി: രാജ്യത്ത് ഒറ്റ വോട്ടർപട്ടിക (Single Voters List) തയ്യാറാക്കാൻ പാർലമെന്റ് നിയമ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശുപാർശ. എല്ലാ തെരഞ്ഞെടുപ്പുകൾക്കുമായ് (Elections) ഒറ്റ പട്ടിക തയ്യാറാക്കാനാണ് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ യോഗം വിളിക്കും. സംസ്ഥാനങ്ങളുടെ അവകാശം കവരുന്ന നിർദ്ദേശമാണ് ഇതെന്ന് പ്രതിപക്ഷം (Opposition) ആരോപിക്കുന്നു.
ആധാറും (Adhar Card) വോട്ടർ ഐഡിയും (Voter ID) ബന്ധിപ്പിക്കാനുള്ള ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. അതിന്റെ അടുത്ത പടിയിലേക്ക് സർക്കാർ കടക്കുന്നു എന്നതാണ് ഒറ്റ വോട്ടർപട്ടിക തയ്യാറാക്കണമെന്ന ശുപാർശയിലൂടെ അനുമാനിക്കേണ്ടത്. നിലവിൽ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനാണ് പാർലമെന്റ് തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുമുള്ള വോട്ടർപട്ടികയുടെ ചുമതല. തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളുടെ വോട്ടർ പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇതിനു പകരം ഏകീകരിച്ച വോട്ടർപട്ടിക തയ്യാറാക്കി എല്ലാ തെരഞ്ഞെടുപ്പുകളും ഇതിന്റെ അടിസ്ഥാനത്തിൽ നടത്തുക എന്നതാണ് പുതിയ ശുപാർശ മുമ്പോട്ട് വെക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ യോഗമായിരിക്കും ആദ്യം വിളിച്ചു ചേർക്കുക. ഒറ്റരാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്നതിലേക്ക് സർക്കാർ നീങ്ങുകയാണോ എന്ന സംശയവും ബലപ്പെടുകയാണ്.
പ്രതിപക്ഷ ബഹളത്തിനിടെയാണ് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസ്സാക്കിയത്. വോട്ടെടുപ്പ് വേണമെന്ന ആവശ്യം തള്ളിയാണ് ബില്ല് പാസ്സാക്കിയത്. വോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വയ്ക്കുമ്പോൾ രണ്ടു മിനിറ്റു കൊണ്ടാണ് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള ബിൽ ലോക്സഭ പാസാക്കിയത്. സ്വകാര്യതയ്ക്കുള്ള മൗലിക അവകാശത്തിൻറെ ലംഘനമെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്ല് പാർലമെൻററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണെന്ന് വിശദീകരിച്ച മന്ത്രി കിരൺ റിജിജു, കൂടുതൽ ചർച്ച വേണം എന്ന ആവശ്യം തള്ളി. ചില പ്രത്യേക കാരണങ്ങളാൽ ആധാർ ഹാജരാക്കിയില്ലെങ്കിലും വോട്ടർപട്ടികയിൽ പേര് ചേർക്കാം എന്നും ബില്ല് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam