'പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു': കര്‍ണാടക ആഭ്യന്തര മന്ത്രി

By Web TeamFirst Published Sep 23, 2022, 4:09 PM IST
Highlights

സംസ്ഥാനത്ത് ഇന്നലെ 18 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. 15 പേരെ കസ്റ്റഡിയില്‍ എടുത്തുവെന്നും ഏഴ് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തുവെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു

ബംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. എന്‍ഐഎ രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണമെന്നുള്ളതാണ് ശ്രദ്ധേയം. കര്‍ണാടകയിലും പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും റെയ്ഡ് നടന്നിരുന്നു.

സംസ്ഥാനത്ത് ഇന്നലെ 18 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. 15 പേരെ കസ്റ്റഡിയില്‍ എടുത്തുവെന്നും ഏഴ് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തുവെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിർദ്ദേശിച്ച് ആഭ്യന്തര മന്ത്രാലയത്തിന് എൻഐഎ പുതിയ റിപ്പോര്‍ട്ട് നല്‍കുമെന്ന വിവരങ്ങളും ഇന്ന് പുറത്ത് വന്നിരുന്നു. പിഎഫ്ഐ ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ വയർലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു.

താലിബാൻ മാതൃക മതമൗലികവാദം പിഎഫ്ഐ പ്രചരിപ്പിക്കുന്നതിന്‍റെ രേഖകൾ കിട്ടിയതായും എൻഐഎ അവകാശപ്പെട്ടു. പോപ്പുലർ ഫ്രണ്ടിനെതിരെ എൻഐഎ നടത്തിയ ഓപ്പറേഷനിൽ  45 പേരാണ് ഇന്നലെ അറസ്റ്റിലായത്. ദില്ലിയിൽ എത്തിച്ച നേതാക്കളെ എൻഐഎ ആസ്ഥാനത്ത് ഇന്നലെ ചോദ്യം ചെയ്തു. ഡിജി ദിൻകർ ഗുപ്തയുടെ മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഫണ്ടിംഗ്, പരിശീലന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു എൻഐഎ ചോദ്യങ്ങൾ ഉന്നയിച്ചത്. വിദേശത്തെ യുണിറ്റുകൾ വഴി പിഎഫ്ഐ പണം ശേഖരിച്ചതിന്‍റെ തെളിവുകൾ ഉണ്ടെന്നാണ് എൻഐഎ പറയുന്നത്.

കൊലപാതകങ്ങളിൽ എൻഐഎ നേതാക്കളുടെ പങ്കുണ്ടോ എന്ന് പരിശോധിക്കും. താലിബാൻ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്ന തെളിവുകൾ റെയ്ഡിൽ പിടിച്ചെടുത്തു എന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചിലർ ഭീകരസംഘടനകളുമായി സമ്പർക്കത്തിലായിരുന്നു. തെലങ്കാനയിൽ നടത്തിയ അന്വേഷണത്തിൽ പരിശീലന കേന്ദ്രങ്ങളുടെ വിവരം കിട്ടിയിരുന്നു. യുവാക്കളെ കേരളത്തിലേക്ക് കൊണ്ടുപോയി പരിശീലനം നല്‍കുന്നു എന്ന സൂചനയും ഈ അന്വേഷണത്തിൽ കിട്ടിയതായാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. റെയ്ഡിൽ ജിപിഎസ് സംവിധാനവും വയർലസ് സെറ്റുകളും പിടിച്ചെടുത്തു. കടൽയാത്രയ്ക്ക് സഹായിക്കുന്ന ജിപിഎസ് സംവിധാനമെന്ന സൂചനയാണ് ഉദ്യോഗസ്ഥർ നല്‍കുന്നത്. 

'ഇന്ത്യക്കാരെ ഭയപ്പെടുത്താമെന്നത് വ്യാമോഹം', പിഎഫ്ഐ ഹര്‍ത്താലിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

click me!