ഇന്ത്യയ്‌ക്കെതിരെ, ചില സമുദായങ്ങൾക്കെതിരെ അക്രമം നടത്തുമെന്ന് ആവർത്തിച്ച് തെളിയിച്ച സംഘടനയാണ് പിഎഫ്ഐ. അവർ വിജയിക്കില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ദില്ലി : പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിൽ വ്യാപക ആക്രമണം നടക്കുന്നതിനിടെ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യയെയും ഇന്ത്യക്കാരെയും ഭയപ്പെടുത്താൻ അക്രമം ഉപയോഗിക്കാമെന്ന് കരുതുന്നവർക്ക് അത് വ്യാമോഹമാണെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. 

''ഇന്ത്യയെയും ഇന്ത്യക്കാരെയും ഭയപ്പെടുത്താൻ അക്രമം ഉപയോഗിക്കാമെന്ന് കരുതുന്നവർക്ക് അത് വ്യാമോഹമാണ്. ഇന്ത്യയ്‌ക്കെതിരെ, ചില സമുദായങ്ങൾക്കെതിരെ അക്രമം നടത്തുമെന്ന് ആവർത്തിച്ച് തെളിയിച്ച സംഘടനയാണ് പിഎഫ്ഐ. അവർ വിജയിക്കില്ല. വിരാമം.'' - കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റ് 

Scroll to load tweet…

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ട്വീറ്റ്. ഹർത്താലിന്റെ പേരിൽ വൻ അക്രമമാണ് പിഎഫ്ഐ ക്രിമിനലുകൾ നടത്തിയത്. അവർ കെഎസ്ആർടിസി ബസുകൾ ആക്രമിക്കുകയും കടകൾ ബലമായി അടപ്പിക്കുകയും മൂകാംബിക തീർത്ഥാടനം തടസ്സപ്പെടുത്തുകയും ചെയ്തു. അതേസമയം കേരള പൊലീസ് നിശബ്ദരായ നോക്കി നിൽക്കുകയാണ്. കേരളത്തിൽ ക്രമസമാധാന നില ആകെ തകർന്നിരിക്കുകയാണെന്നും സുരേന്ദ്രൻ ട്വീറ്റ് ചെയ്തു. 

Read More : 'ആഭ്യന്തരവകുപ്പ് പോപ്പുലർ ഫ്രണ്ടിന് കീഴടങ്ങി,ഹർത്താലിന്‍റെ മറവിൽ മതതീവ്രവാദികൾ കേരളം മുഴുവൻ അഴിഞ്ഞാടി' ബിജെപി

അതേസമയം എല്ലാം നിയന്ത്രണ വിധേയമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് പ്രതികരിച്ചു. ഹര്‍ത്താലിനെതിരെ കര്‍ശന നടപടിയെടുക്കാൻ ഡിജിപി കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നൽകിയെങ്കിലും വ്യാപകമായ അക്രമമാണുണ്ടായത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുറച്ചു പേർ കരുതൽ തടങ്കലിലാണ്. പ്രശ്നങ്ങൾ ഉണ്ടാകുന്നിടത്ത് കൂടുതൽ സേനയെ വിന്യസിക്കുമെന്ന് അറിയിച്ച അദ്ദേഹം, വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമായി തുടരുമെന്നും വിശദീകരിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ എൻഐഎ റെയിഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെയാണ് മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചത്.