അയോധ്യ കേസ്: മുസ്ലീം സംഘടനകളുടെ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയ ചെന്നൈ സ്വദേശി മാപ്പ് പറഞ്ഞ് തടിയൂരി

By Web TeamFirst Published Sep 19, 2019, 5:09 PM IST
Highlights

അയോധ്യാ കേസില്‍ മുസ്ലീം സംഘടനകള്‍ക്കു വേണ്ടി ഹാജരായതിലൂടെ രാജീവ് ധവാന്‍ സ്വന്തം വിശ്വാസത്തെ വഞ്ചിക്കുകയാണ് ചെയ്തതെന്നായിരുന്നു ഷണ്‍മുഖന്‍റെ പരാമര്‍ശം. മതനിന്ദയ്ക്ക് ധവാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും നിരവധി ദുരന്തങ്ങള്‍ ഉണ്ടാകുമെന്നും ഷണ്‍മുഖന്‍ പറഞ്ഞിരുന്നു. 

ദില്ലി: അയോധ്യ കേസില്‍ മുസ്ലീം സംഘടനകള്‍ക്കു വേണ്ടി ഹാജരായതിന്‍റെ പേരില്‍ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനെ അധിക്ഷേപിച്ചതിന് ചെന്നൈ സ്വദേശിയായ പ്രൊഫസര്‍ ഷണ്‍മുഖനെതിരെ ഫയല്‍ ചെയ്തിരുന്ന അപകീര്‍ത്തി കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു. പ്രൊഫസര്‍ ഷണ്‍മുഖന്‍ ക്ഷമാപണം നടത്തിയതിനെത്തുടര്‍ന്നാണ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനമായത്.

എണ്‍പതുകാരനായ ഷണ്‍മുഖം ക്ഷമാപണം നടത്തിയതിനെത്തുടര്‍ന്ന്,കേസ് മുന്നോട്ടുകൊണ്ടുപോകേണ്ടതില്ലെന്ന് രാജീവ് ധവാന്‍റെ അഭിഭാഷകനായ കപില്‍ സിബല്‍ കോടതിയെ അറിയിക്കുകയായിരുന്നു. നേരിട്ടോ അല്ലാതെയോ ഒരു അഭിഭാഷകനെ അപമാനിക്കരുതെന്ന സന്ദേശം സമൂഹത്തിന് നല്‍കാന്‍ വേണ്ടിയാണ് പരാതി നല്‍കിയതെന്നും കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു.

അയോധ്യാ കേസില്‍ മുസ്ലീം സംഘടനകള്‍ക്കു വേണ്ടി ഹാജരായതിലൂടെ രാജീവ് ധവാന്‍ സ്വന്തം വിശ്വാസത്തെ വഞ്ചിക്കുകയാണ് ചെയ്തതെന്നായിരുന്നു ഷണ്‍മുഖന്‍റെ പരാമര്‍ശം. മതനിന്ദയ്ക്ക് ധവാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും നിരവധി ദുരന്തങ്ങള്‍ ഉണ്ടാകുമെന്നും ഷണ്‍മുഖന്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ പറഞ്ഞ് ഷണ്‍മുഖന്‍ തനിക്കയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജീവ് ധവാന്‍ പരാതി ഫയല്‍ ചെയ്തത്. 

ആരുടെയെങ്കിലും ഭാഗത്തു നിന്ന് സമാനമായ പെരുമാറ്റം ഉണ്ടായാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് കേസ് അവസാനിക്കും മുമ്പ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.  

click me!