ജെഎൻയു ക്യാമ്പസിൽ നിരോധനാജ്ഞ; പൊലീസ് ബാരിക്കേഡ് മറികടന്ന് വിദ്യാർത്ഥി പ്രതിഷേധം, സംഘര്‍ഷം

By Web TeamFirst Published Nov 18, 2019, 12:07 PM IST
Highlights

വിദ്യാർത്ഥികൾ പാർലമെൻറിന് മുന്നിലേക്ക് ലോങ് മാർച്ച് നടത്തുന്ന സാഹചര്യത്തിലാണ് പൊലീസാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ദില്ലി: ദില്ലി ജെഎൻയു ക്യാമ്പസിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഫീസ് വർധനവ് അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് ജെഎൻയു വിദ്യാർത്ഥികൾ പാർലമെൻറിന് മുന്നിലേക്ക് പ്രതിഷേധ ലോങ് മാർച്ച് നടത്തുന്ന സാഹചര്യത്തിലാണ് പൊലീസ് 144 പ്രഖ്യാപിച്ചത്.  അതേസമയം, പൊലീസ് വിലക്കുകൾ മറികടന്ന് വിദ്യാർത്ഥികൾ പ്രധാന ഗേറ്റിലേക്ക് മാർച്ച് തുടങ്ങി.  പൊലീസ് ബാരിക്കേഡുകൾ മറികടന്നാണ് വിദ്യാർത്ഥികള്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുന്നത്. 

ഭാഗികമായി റദ്ദാക്കിയ ഫീസ് വർധന പൂർണമായും പിൻവലിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ഹോസ്റ്റൽ ഫീസ് വർധിപ്പിക്കാനുള്ള നീക്കം ജെഎൻയു അധികൃതർ ഭാഗികമായി റദ്ദാക്കിയിരുന്നു. അതേസമയം, വിവിധ ഇനങ്ങളിൽ സർവ്വീസ് ചാർജായി ഈടാക്കാനുള്ള തീരുമാനം പിൻവലിച്ചില്ല. 

ജെഎന്‍യു പ്രതികാരനടപടിയുമായി സര്‍വകലാശാല; സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടിക്ക് നീക്കം...

ഉന്നത വിദ്യാഭ്യാസ മേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തുന്നു. നിലവിലെ വിദ്യാഭ്യാസ രീതി പൂര്‍ണ്ണമായും അട്ടിമറിക്കുന്നതാണ് സര്‍ക്കാര്‍ നയമെന്നാണ് വിദ്യാര്‍ത്ഥികൾ ആരോപിക്കുന്നത്.  ആവശ്യങ്ങൾ അംഗീകരിക്കപ്പെടും വരെ സമരം തുടരും എന്നാണ് വിദ്യാർത്ഥികളുടെ സംയുക്ത കൂട്ടായ്മയായ ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയന്റെ തീരുമാനം. എബിവിപി ഒഴികെ വിദ്യാര്‍ത്ഥി സംഘടനകളെല്ലാം പ്രതിഷേധത്തിൽ അണിനിരന്നിട്ടുമുണ്ട്.  

പ്രധാന ഗേറ്റിൽ പ്രതിഷേധക്കാരെ തടയുമെന്നാണ് പൊലീസ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടുതൽ പൊലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. എന്നാൽ എന്ത് വന്നാലും പതിനൊന്ന് കിലോമീറ്റര്‍ പിന്നിട്ട് ലോങ് മാര്‍ച്ച് പാര്‍ലമെന്റിൽ എത്തുക തന്നെ ചെയ്യുമെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍ 

click me!