
ദില്ലി: വായു മലിനീകരണത്തിനെതിരെ ഇന്ത്യ ഗേറ്റിനു മുന്നില്‍ പ്രതിഷേധം നടത്തി അറസ്റ്റിലായവരില്‍ 9 പേർക്ക് ജാമ്യം ലഭിച്ചു. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത 17 പേരിൽ ഒമ്പത് പേർക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ ദിവസവും അറസ്റ്റിലായ ഇരുപതോളം പേരെ കോടതിയില്‍ ഹാജരാക്കിയിരുന്നു. അതില്‍ നാലുപേരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്നാണ് അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ ആരോപണം. പീഡകർ സ്വൈര്യ വിഹാരം നടത്തുമ്പോൾ 20 വയസ്സുള്ള കുട്ടികളെ ഭീകരവാദികളാക്കുനെന്നും കസ്റ്റഡിയിൽ മർദിച്ചെന്നും അറസ്റ്റിലായ വിദ്യാർത്ഥികൾ ആരോപിച്ചു. അതിനിടെ, നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തിയതിന് പിന്നാലെ ദില്ലിയിലെ വായുഗുണനിലവാരം വീണ്ടും വളരെ മോശമായിരിക്കുകയാണ്.
ദില്ലിയിലെ വായുഗുണനിലവാരം മെച്ചപ്പെട്ടതിനെ തുടർന്നാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്. വായുഗുണനിലവാര മേൽ നോട്ട സമിതിയുടെ നിർദ്ദേശ പ്രകാരം ഗ്രാപ്പ് മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇതോടെ ദില്ലിയിലെ ഓഫീസുകളിലെ ജീവനക്കാരിൽ പകുതിക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണം എന്ന നിർദ്ദേശം പിൻവലിച്ചു. കൂടാതെ ദില്ലി സ്കൂളുകളിൽ നേരിട്ടുള്ള ക്ളാസുകൾക്കൊപ്പം ഓൺലൈൻ സൗകര്യം കൂടി നല്കിയിരുന്നതും ഒഴിവാക്കി തുടങ്ങിയിരുന്നു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് അതുപോലെ തുടരുമെന്നും ഒഴിവാക്കാനാകാത്തവയ്ക്ക് കമ്മീഷന്റെ പ്രത്യേക അനുമതി വേണമെന്നും സമിതി വ്യക്തമാക്കി. വായുമലിനീകരണം കുറഞ്ഞതുകൊണ്ടാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത് എന്നാണ് സമിതിയുടെ വിശദീകരണം. എന്നാൽ ഈ അവകാശവാദത്തിന് വിരുദ്ധമായി ദില്ലിയിൽ വായു ഗുണനിലവാരം ഇപ്പോഴും വളരെ മോശമായി തന്നെ തുടരുകയാണ്. ഇതിനിടെ വായുമലിനീകരണവുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണമാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായത്. ഒന്നിലധികം കാരണങ്ങൾ വായു മലിനീകരണത്തിന് ഉണ്ടെന്നും മലിനീകരണതോത് കുറയ്ക്കാൻ മാന്ത്രികവടി കയ്യിലില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. വെറും നിർദ്ദേശങ്ങൾ അല്ല മറിച്ച് വിദഗ്ധരുമായി ചർച്ച ചെയ്തു സുസ്ഥിരമായ പരിഹാരങ്ങളാണ് വിഷയത്തിൽ വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. പ്രതിസന്ധി പരിഹരിക്കുന്നതിൽ ജുഡീഷ്യൽ അധികാരത്തിന് പരിധിയുണ്ടെന്ന സന്ദേശമാണ് ചീഫ് ജസ്റ്റിസ് നല്കിയത്. തനിക്ക് പതിവു നടത്തത്തിനു പോലും മലിനീകരണം തടസ്സമാകുന്നു എന്ന് ചീഫ് ജസ്റ്റിസ് ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിലെ ഹർജികളിൽ സുപ്രീംകോടതി ഡിസംബർ ഒന്നിന് വിശദവാദം കേൾക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam