മാർത്തോമസഭ ദില്ലി ഭദ്രാസനം ബിഷപ്പിന് എതിരെ വിശ്വാസികളുടെ പ്രതിഷേധം

By Web TeamFirst Published Mar 10, 2020, 10:59 AM IST
Highlights

വൈദികരെ അകാരണമായി സ്ഥലം മാറ്റിയെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഗുരുഗ്രാം, മയൂർ വിഹാർ ഇടവകകളിലെ വിശ്വാസികളാണ് പ്രതിഷേധിക്കുന്നത്. 

ദില്ലി: മാർത്തോമ സഭ ദില്ലി ഭദ്രാസനം ബിഷപ്പിനെ തടഞ്ഞ് വച്ച് ഒരുവിഭാഗം വിശ്വാസികളുടെ പ്രതിഷേധം. ബിഷപ്പ് ഗ്രിഗോറിയോസ് മാർ  സ്തേഫാനോസ്
എപ്പിസ്കോപ്പക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് ഒരു വിഭാഗം തടഞ്ഞു വച്ചത്. ഇതിനെ മറുവിഭാഗം എതിർത്തത് കൈയ്യാങ്കളിക്കിടയാക്കി.

ബിഷപ്പ് നടത്തിയ അഴിമതികൾ ചോദ്യം ചെയ്ത വൈദികരെ സ്ഥലം മാറ്റി എന്നും, ലൈംഗിക ആരോപണം നേരിട്ട വൈദികരെ സംരക്ഷിക്കുന്നു എന്നും ആരോപിച്ചാണ്
ബിഷപ്പിനെ തടഞ്ഞ് ഒരുവിഭാഗം വിശ്വാസികൾ പ്രതിഷേധിച്ചത്. രാജസ്ഥാനിലെ ഭരത് പൂരിൽ ഭദ്രാസനത്തിന്‍റെ കീഴിലുള്ള നിസ സൊസൈറ്റി യുടെ പേരിൽ സ്കൂൾ വാങ്ങി.
ഇതിലേക്ക് ഒരു കോടി രൂപ ബിഷപ്പിന്റെ സ്വന്തം പേരിലുള്ള ചെക്കിൽ നിന്നാണ് നൽകിയത്. ഇതിൽ ക്രമക്കേട് ഉണ്ടെന്നും പ്രതിഷേധിച്ചവർ ആരോപിച്ചു. 

കഴിഞ്ഞ ദില്ലി ഭദ്രാസനം സെക്രട്ടറി തെരഞ്ഞെടുപ്പിൽ ബിഷപ്പിന്‍റെ പാനലിന് എതിരെ മത്സരിച്ച് ജയിച്ച മയൂർ വിഹാർ സെന്റ് സ്റ്റീഫൻസ് മാർത്തോമ പള്ളി വൈദികൻ
എം പി സോളമനെയും അദ്ദേഹത്തെ പിന്തുണച്ച നാല് വൈദികരെയും സ്ഥലം മാറ്റി എന്നാണ് മറ്റൊരു ആരോപണം. മധ്യപ്രദേശിലെ സഭയുടെ കീഴിലുള്ള  വ്യവാഹരി സ്കൂളിൽ ഒരു വൈദികനെതിരെ ലൈംഗികാരോപണം ഉന്നയിച്ച  12 ജീവനക്കാരെ ബിഷപ്പ് പിരിച്ച് വിട്ടു എന്നും വിശ്വാസികൾ ആരോപിക്കുന്നു.

ബിഷപ്പിനെ തടഞ്ഞ് വച്ചിരിക്കുന്നത് ചോദ്യം ചെയ്ത് മറ്റൊരു വിഭാഗം വിശ്വാസികളും വൈദികരും എത്തിയതോടെ കൈയ്യാങ്കളിയായി. ബിഷപ്പ് ഗ്രിഗോറിയോസ് മാർ  സ്തേഫാനോസ്  എപ്പിസ്കോപ്പ ആരോപണങ്ങളോട് പ്രതികരിച്ചില്ല.

click me!