മൂന്ന് വയസ്സുകാരി ബലാത്സംഗത്തിനിരയായി; കശ്മീരില്‍ പ്രക്ഷോഭം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു

Published : May 13, 2019, 04:50 PM ISTUpdated : May 13, 2019, 05:04 PM IST
മൂന്ന് വയസ്സുകാരി ബലാത്സംഗത്തിനിരയായി; കശ്മീരില്‍ പ്രക്ഷോഭം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു

Synopsis

ശ്രീനഗര്‍-ബരാമുള്ള ഹൈവേ പ്രക്ഷോഭകര്‍ അടപ്പിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചു. 

ശ്രീനഗര്‍: മൂന്ന് വയസ്സുകാരി ബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന് കശ്മീര്‍ താഴ്വരയില്‍ പ്രക്ഷോഭം. ആയിരങ്ങള്‍ തെരുവിലിറങ്ങിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു. കശ്മീര്‍ താഴ്വരയിലെ സുംബാലിലെ ത്രെഹ്ഗം എന്ന സ്ഥലത്താണ് കഴിഞ്ഞ വ്യാഴാഴ്ച സംഭവം നടന്നത്.

അയല്‍വാസിയായ ചെറുപ്പക്കാരന്‍ മിഠായി നല്‍കി കുട്ടിയെ പ്രലോഭിപ്പിച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇഫ്താറിന് തൊട്ടുമുമ്പാണ് ഇയാള്‍ കുട്ടിയെ കൊണ്ടുപോയത്. തുടര്‍ന്ന് ബരാമുള്ള, ശ്രീനഗര്‍, ബന്ദിപോറ ജില്ലകളില്‍ പ്രക്ഷോഭവുമായി ജനം തെരുവിലിറങ്ങി. ശ്രീനഗര്‍-ബരാമുള്ള ഹൈവേ പ്രക്ഷോഭകര്‍ അടപ്പിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചു. 

ആരോപണ വിധേയനായ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. അറസ്റ്റിലായ യുവാവിന് പ്രായപൂര്‍ത്തിയായോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പൊലീസ് അറിയിച്ചു. സ്കൂള്‍ രേഖകള്‍ പ്രകാരം ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെന്നു അധികൃതര്‍ അറിയിച്ചു. അതേസമയം, പ്രതിയുടെ രേഖകളില്‍ കൃത്രിമം കാണിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. 

കശ്മീരിലെ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ സംഭവത്തെ അപലപിച്ചു. മൂന്ന് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവം നീചമാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി പറഞ്ഞു. സ്ത്രീകളുടെ പിഴവ് കാരണമാണ് ബലാത്സംഗം നടക്കുന്നതെന്നാണ് സമൂഹം എപ്പോഴും പറയുന്നത്. ഈ കുട്ടി എന്തു ചെയ്തു? ഇത്തരം ബാലപീഡകരെ ശരിഅത്ത് നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലണമെന്നും അവര്‍ പറഞ്ഞു.

കുറ്റവാളിക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് പീപ്പിള്‍സ് കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ഇംറാന്‍ റെസ അന്‍സാരി ആവശ്യപ്പെട്ടു. ചിലര്‍ സംഭവത്തെ വര്‍ഗീയതക്ക് ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഹുര്‍റിയത്ത് ചെയര്‍മാന്‍ മിര്‍വെയ്സ് ഉമര്‍ ഫാറൂഖ് മുന്നറിയിപ്പ് നല്‍കി. 

കഴിഞ്ഞ വര്‍ഷം കത്വയില്‍ എട്ടു വയസ്സുകാരിയെ ക്ഷേത്രത്തിനുള്ളില്‍ ദിവസങ്ങളോളം ബന്ദിയാക്കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് കശ്മീരിനെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം
'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്