സർക്കാരുമായി ചർച്ചക്ക് തയ്യാറെന്ന് കർഷക സംഘടനകൾ; തീരുമാനം ഏകോപന സമിതി യോഗത്തില്‍

By Web TeamFirst Published Dec 26, 2020, 5:17 PM IST
Highlights

ദില്ലി അതിർത്തികളിലെ കർഷക പ്രക്ഷോഭം 31 ദിവസം പിന്നിടുകയാണ്. നിയമങ്ങളിൽ സർക്കാർ ഉറച്ചുനിൽക്കുമ്പോൾ സമരം കൂടുതൽ ശക്തമാക്കുകയാണ് കർഷക സംഘടനകൾ. 

ദില്ലി: സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറായി കര്‍ഷക സംഘടനകൾ. ഡിസംബര്‍ 29ന് ചര്‍ച്ചക്ക് വരാമെന്ന് കര്‍ഷക സംഘടനകളുടെ കോര്‍ഡിനേഷൻ സമിതി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ചര്‍ച്ചക്ക് തയ്യാറാകുമ്പോഴും നിയമങ്ങൾ പിൻവലിക്കൽ മാത്രമാണ് പ്രശ്നപരിഹാരമെന്ന് കര്‍ഷക സംഘടനകൾ വ്യക്തമാക്കി. കര്‍ഷകരുടെ ദില്ലി പ്രക്ഷോഭം ഇന്ന് 31 ദിവസം പിന്നിട്ടു.

കര്‍ഷക പ്രക്ഷോഭം ദില്ലി അതിര്‍ത്തികളിൽ എത്തിയ ശേഷം കേന്ദ്ര സര്‍ക്കാര്‍ നടത്തിയ എല്ലാ ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. ഡിസംബര്‍ 8ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിളിച്ച യോഗത്തിൽ നിയമങ്ങൾ പിൻവലിക്കാനാകില്ല, ഭേദഗതികളാകാം എന്ന നിലാടിൽ സര്‍ക്കാര്‍ ഉറച്ചുനിന്നതോടെ ചര്‍ച്ചകൾ വഴിമുട്ടി. കര്‍ഷകര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഡിസംബര്‍ 29 ന് 11 മണിക്ക് ചര്‍ച്ചക്ക് പോകാൻ കര്‍ഷക സംഘടനകളുടെ കോര്‍ഡിനേഷൻ സമിതി തീരുമാനിച്ചത്. 29 ലെ ചര്‍ച്ചയിലും നിയമം പിൻവലിക്കുക എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്നും കര്‍ഷക നേതാക്കൾ വ്യക്തമാക്കി.

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പഞ്ചാബിൽ നിന്നുള്ള മുൻ ബിജെപി എം പി ഹരീന്ദ്ര സിംഗ് ഖസൽസ പാര്‍ടിയില്‍ നിന്ന്  രാജിവെച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള കര്‍ഷകര്‍ കൂടി എത്തിയതോടെ ദില്ലി-ജയ്പ്പൂര്‍ ദേശീയ പാതയിലും ഗതാഗതം പൂര്‍ണമായി നിലച്ചു.  ഡിസംബര്‍ 30ന് ദില്ലിയുടെ അതിര്‍ത്തികളിലൂടെ ദില്ലിക്ക് ചുറ്റും മാര്‍ച്ച് ചെയ്യാൻ കര്‍ഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. പുതുവത്സര ദിനത്തിൽ കര്‍ഷകര്‍ക്കൊപ്പം ചിലവഴിക്കാൻ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളോടും കര്‍ഷക സംഘടനകൾ അഭ്യര്‍ത്ഥിച്ചു.

click me!