
ദില്ലി: നാലുമാസത്തെ ശമ്പളം ലഭിക്കാത്ത സാഹചര്യത്തിൽ സേവനം നിർത്തിവെക്കുമെന്ന മുന്നറിയിപ്പ് നൽകി ദില്ലിയിലെ ഹിന്ദുറാവു ഹോസ്പിറ്റലിലെ ആരോഗ്യപ്രവർത്തകരും ഡോക്ടേഴ്സും. കൊവിഡ് രോഗികൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ആശുപത്രിയാണ് ദില്ലി ഹിന്ദുറാവു ഹോസ്പിറ്റൽ. നോർത്ത് ദില്ലി മുനിസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിലാണ് ഈ ആശുപത്രി പ്രവർത്തിക്കുന്നത്. സേവനങ്ങൾക്ക് തടസം സംഭവിക്കാത്ത തരത്തിൽ ഒരു മാസത്തെ പ്രതീകാത്മക പ്രതിഷേധം ഇവർ നടത്തിയിരുന്നു. നോ സാലറി, നോ വർക്ക് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് ആശുപത്രിയുടെ മുന്നിൽ ഇരുന്നാണ് ആരോഗ്യപ്രവർത്തകർ പ്രതിഷേധിച്ചത്.
ലഫ്റ്റനന്റ് ഗവർണറുടെ ഓഫീസിലേക്ക് മാർച്ച് ചെയ്യുന്നതിൽ പ്രതിഷേധക്കാരെ പൊലീസ് പിന്തിരിപ്പിച്ചു. അഞ്ച് പേരടങ്ങിയ പ്രതിനിധി സംഘം സംഭവം പരാമർശിച്ച് മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ മാസങ്ങളായി ഞങ്ങൾ പ്രതിഷേധിക്കുന്നു. ഇതേ രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കില്ല. ഇഎംഐ അടക്കാൻ പോലും സാധിക്കുന്നില്ല. ഈ പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ സേവനം നിർത്തിവെക്കും. ഡോ. അഭിമന്യു സർദാന പറഞ്ഞു. ആശുപത്രിയിലെ റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റാണ് ഇദ്ദേഹം.
സ്വന്തം ജീവനും കുടുംബാംഗങ്ങളുടെ ജീവനും അപകടത്തിലാകാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ഓരോ ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും കൊവിഡ് രോഗികളെ പരിചരിക്കുന്നത്. തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി അധികൃതരോട് പ്രതിഷേധിക്കാനും ഇവർ നിർബന്ധിതരായിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam