
ശ്രീനഗർ: ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട വാർത്ത സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ഷിയാ വിഭാഗങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധം. ജമ്മു കശ്മീരിൽ സ്ഥിതിഗതികൾ സംഘർഷഭരിതമായതോടെ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉന്നതതല സുരക്ഷാ യോഗം ചേർന്ന് ജില്ലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശിച്ചു. ശ്രീനഗറിലെ ലാൽ ചൗക്കിൽ ഷിയ-സുന്നി വിഭാഗങ്ങൾ സംയുക്തമായി അമേരിക്കൻ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു. ബദ്ഗാം, പൂഞ്ച്, ബാരാമുള്ള എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമാണ്. റമ്പാനിൽ ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിച്ചു. കശ്മീരിൽ നാളെ ബന്ദിന് ആഹ്വാനമുണ്ട്.
കാർഗിലിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത കൂറ്റൻ പ്രതിഷേധ മാർച്ച് നടന്നു. ലഡാക്കിലെ ജനജീവിതം പ്രതിഷേധത്താൽ തടസ്സപ്പെട്ടിരിക്കുകയാണ്. ജന്തർ മന്തറിൽ ഷിയാ കൗൺസിലിന്റെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ പ്രതിഷേധിച്ചു. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ കടുത്ത മുദ്രാവാക്യങ്ങളാണ് ഉയർന്നത്.
ഉത്തർപ്രദേശിലെ ലക്നൗവിലും ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പ്രതിഷേധക്കാർ സംയമനം പാലിക്കണമെന്നും അക്രമത്തിലേക്ക് നീങ്ങരുതെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കശ്മീരിലെ ബന്ദിന് പിഡിപി പിന്തുണ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിഷയത്തിൽ കേന്ദ്രസർക്കാർ ഒരു പക്ഷം പിടിക്കുകയാണെന്നും ഇന്ത്യ സമാധാനത്തിനായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. പ്രതിഷേധം അക്രമാസക്തമാകാതിരിക്കാൻ കശ്മീരിൽ വൻ സുരക്ഷാ വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പലയിടങ്ങളിലും മുൻകരുതൽ എന്ന നിലയിൽ ഇന്റർനെറ്റ് സേവനങ്ങൾ നിയന്ത്രിച്ചതായാണ് സൂചന. ഷിയാ വിഭാഗം മൂന്ന് ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam