കോൺഗ്രസ് ഒറ്റയ്ക്ക് പ്രതിഷേധം നടത്തിയതിൽ ഇന്ത്യ സഖ്യ യോഗത്തിൽ ഘടകകക്ഷികൾ അമർഷം അറിയിച്ചു. ഭാവിയിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകില്ലെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകുകയും നീറ്റ് വിഷയത്തിലടക്കം ഒന്നിച്ച് പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു
ദില്ലി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഇന്നലെ കോൺഗ്രസ് ഒറ്റയ്ക്ക് പ്രതിഷേധം നടത്തിയതിൽ ഇന്ത്യ സഖ്യ യോഗത്തിൽ വിമർശനം. തങ്ങളുമായി ആലോചിക്കാതെയും അറിയിക്കാതെയും പ്രതിഷേധം നടത്തിയതിൽ കോൺഗ്രസിതര കക്ഷികൾ തങ്ങളുടെ കടുത്ത അമർഷം അറിയിച്ചു. ഇത്തരത്തിൽ ഒറ്റയ്ക്ക് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുകയാണെങ്കിൽ പിന്നെ സഖ്യത്തിന്‍റെ പ്രസക്തിയെന്തെന്ന ചോദ്യവും നേതാക്കൾ ഉയർത്തി. എന്നാൽ, വിഷയത്തിൽ നിലപാട് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ഭാവിയിൽ ഇത്തരം മുന്നണി മര്യാദാലംഘനങ്ങൾ ഉണ്ടാകില്ലെന്ന് സഖ്യനേതാക്കൾക്ക് ഉറപ്പുനൽകി. നീറ്റ് വിഷയത്തിലടക്കം പാർലമെന്‍റിലും പുറത്തും ഒന്നിച്ച് നിന്ന് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാമെന്നും രാഹുൽ ആഹ്വാനം ചെയ്തു.
പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് രാഹുൽ ഗാന്ധി
അതേസമയം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ പ്രതിഷേധത്തിലടക്കം വിശദീകരണവുമായി കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് വാർത്താ സമ്മേളനം നടത്തി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണ്ണമായി തകർക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് വിമർശിച്ച രാഹുൽ ഗാന്ധി, തിങ്കളാഴ്ച സി ജെ പി പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ നടന്ന ക്രൂരമായ ലാത്തിച്ചാർജിന്റെയും പൊലീസ് അതിക്രമച്ചിന്‍റെയും ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. രാജ്യത്തെ വിദ്യാർഥികൾ ചെയ്ത തെറ്റെന്താണെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, തങ്ങളുടെ പരാതികൾ കേൾക്കണമെന്ന് മാത്രമാണ് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി. ലോക പ്രശസ്തമായിരുന്ന ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം ഇന്ന് പൂർണ്ണമായും സങ്കീർണ്ണവും അഴിമതി നിറഞ്ഞതുമായി മാറിയിരിക്കുകയാണെന്നും കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ കുറ്റപ്പെടുത്തി. നീറ്റ് പരീക്ഷയുടേതടക്കം രാജ്യത്ത് ഇതുവരെ 152 പേപ്പർ ലീക്ക് സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ഇത് ഏഴരക്കോടിയോളം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇത്രയധികം തട്ടിപ്പുകൾ നടന്നിട്ടും കുറ്റക്കാർക്കെതിരെ യാതൊരു ശിക്ഷാ നടപടിയും ഉണ്ടായിട്ടില്ല. നീറ്റ് പരീക്ഷയ്ക്കായി സർക്കാർ ബജറ്റിൽ വകയിരുത്തുന്ന തുകയിലും വലിയ തട്ടിപ്പുകളാണ് നടക്കുന്നത്. വിദ്യാർത്ഥികളുടെ കുടുംബങ്ങളെ കൊള്ളയടിക്കുന്ന ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ ഒരു സംഘം ആളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന് മുന്നിൽ 3 സുപ്രധാന ആവശ്യങ്ങളും പ്രതിപക്ഷ നേതാവ് മുന്നോട്ടുവച്ചു. വിദ്യാഭ്യാസ മന്ത്രിയായി തുടരാൻ ധർമ്മേന്ദ്ര പ്രധാൻ യോഗ്യനല്ലെന്നും അദ്ദേഹം രാജിവെക്കണമെന്നതാണ് ഒന്നാമത്തെ ആവശ്യം. വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നും രാഹുൽ പ്രഖ്യാപിച്ചു. വിദ്യാർഥികളെ ക്രൂരമായി ആക്രമിച്ച പൊലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്നതാണ് രണ്ടാമത്തെ ആവശ്യം. സമരം ചെയ്ത വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നതാണ് രാഹുൽ മുന്നോട്ടുവച്ച മൂന്നാമത്തെ ആവശ്യം. വിദ്യാഭ്യാസ മേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും അതിനുവേണ്ടിയുള്ള അതിശക്ത പ്രക്ഷോഭവുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
