
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി. ഇന്ത്യൻ സൈന്യത്തിൽ അഭിമാനമാണെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യവും അഖണ്ഡതയും ധീരരായ സൈനികർ സംരക്ഷിക്കുമെന്നും പ്രിയങ്ക പ്രതികരിച്ചു. വെല്ലുവിളികൾ നേരിടാൻ സൈനികർക്ക് ക്ഷമയും ധൈര്യവും ദൈവം നൽകട്ടെ എന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനെ പ്രതിപക്ഷം സ്വാഗതം ചെയ്തു. നമ്മുടെ സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനം, ജയ്ഹിന്ദ് എന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചത്. രാജ്യത്തെ ഓര്‍ത്ത് അഭിമാനമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂരും രാജ്യം സേനക്കൊപ്പമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശും എക്സിൽ കുറിച്ചു. സൈന്യത്തിന് നിരുപാധിക പിന്തുണയെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും എക്സിൽ കുറിച്ചു.
26 നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്. പാക്കിസ്ഥാനിലും പാക്ക് അധീന കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം പുലർച്ചെ ശക്തമായ അക്രമണം നടത്തി. പുലർച്ചെ 1.05 ന് നടത്തിയ ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടു. ഭീകര പരിശീലന കേന്ദ്രങ്ങൾ ചാരമായി. ലഷ്കറെ തൊയ്ബ,ജെയ്ഷെ മുഹമ്മദ് , ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകളുടെ താവളങ്ങൾ ആണ് തകർന്നത്. പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും ഭീകര താവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും പ്രത്യാക്രമണത്തിന് പിന്നാലെ സൈന്യം വിശദീകരിച്ചു. ഏപ്രിൽ 22 ന് ആയിരുന്നു പഹൽഗാമിലെ ബൈസരൺവാലിയിൽ പാക്ക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്. 26 പേരെയാണ് മതം ചോദിച്ച് ഭീകര സംഘം ഉറ്റവരുടെ കണ്മുന്നിൽ വെടിവെച്ചു കൊന്നത്.